തിരുവനന്തപുരം: ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകരുതെന്ന് ആവശ്യപ്പെട്ട് കെ കെ രമ എംഎൽഎ ഗവർണർക്ക് കത്ത് നൽകി. തനിക്ക് മുന്നിൽ വന്നാൽ ഒപ്പിടില്ലെന്ന് ഗവർണർ ഉറപ്പ് നൽകിയെന്ന് രമ പറഞ്ഞു.
ഗവർണർക്ക് കേസിനെ പറ്റി വ്യക്തമായ ധാരണയുണ്ട്. ഇളവ് നൽകരുതെന്ന് കോടതിവിധിയിൽ വ്യക്തമാണ്. ഇങ്ങനെ ഒരു നീക്കം അനുവദിക്കില്ല എന്ന നിലപാടാണ് ഗവർണർ സ്വീകരിച്ചതെന്നും രമ പറഞ്ഞു.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം തയ്യാറാക്കിയ പട്ടികയിലാണ് പ്രതികളുടെ പേര് ഉൾപ്പെട്ടിരുന്നത്. സർക്കാർ നിർദേശ പ്രകാരം വിട്ടയക്കേണ്ട പ്രതികളുടെ പട്ടിക ജയില്‍ ഉപദേശകസമിതി തയ്യാറാക്കിയപ്പോള്‍ ടി പി കേസിൽ ജീവപര്യന്തം തടവിന് ഹൈക്കോടതി വിധിച്ച രണ്ടാം പ്രതി ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന് സിജിത്ത് എന്നിവരെ ഉള്‍പ്പെടുത്തുകയായിരുന്നു. പൊലീസിന്റെ പ്രൊബേഷന്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ സര്‍ക്കാരിന് ഉത്തരവിറക്കാനാകും. അതില്‍ ഗവര്‍ണര്‍ ഒപ്പിടുന്നതോടെയാണ് പ്രതികള്‍ക്ക് പുറത്തിറങ്ങാനാവുക. ശിക്ഷാ ഇളവ് നല്കാന് ജയില്‍ സുപ്രണ്ട് പൊലീസ് കമ്മീഷണര്‍ക്ക് കത്ത് നൽകിയിരുന്നു.