Crime

പന്ത്രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

ആലപ്പുഴ: പന്ത്രണ്ടുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയായ ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്റ് ചെയ്തു. ബിഹാർ വെസ്റ്റ് ചമ്പാരൻ സ്വദേശി മുഹമ്മദ് മിയാ(38)നെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്‌തത്‌.

കഴിഞ്ഞ 20നാണ് കേസിനാസ്പദമായ സംഭവം. അതിഥി തൊഴിലാളിയുടെ മകളെയാണ് പ്രതി തട്ടികൊണ്ട് പോയത്. പെണ്‍കുട്ടിയും കുടുംബവും താമസിച്ചിരുന്നതിനടുത്താണ് പ്രതിയും താമസിച്ചിരുന്നത്. മൂന്ന് ദിവസം മുൻപാണ് പെൺകുട്ടിയുടെ വീട്ടിൽ നിന്ന് 50,000 രൂപയും എടുത്ത് ഇയാൾ കടന്നു കളഞ്ഞത്.

പെൺകുട്ടിയുമായി എറണാകുളത്തു നിന്ന് ബിഹാറിലേക്ക് പോകുന്നതിനിടെയാണ് റെയിൽവെ പൊലീസിൻ്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്. മഹാരാഷ്ട്രയിലുള്ള ബൽ ഹർഷാ റെയിൽവെ സ്റ്റേഷനിൽ വെച്ച് സാഹസികമായാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് പറയുന്നു.

പെണ്‍കുട്ടിയെ മതിയായ കൗണ്‍സിലിംഗ് നല്‍കിയ ശേഷം തിരികെ അമ്പലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി മാതാവിനൊപ്പം വിട്ടയച്ചു. പ്രതിയെ അമ്പലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.