ബര്‍ലിന്‍: ജോലിയും വ്യക്തിജീവിതവും ഒരേപോലെ കൊണ്ടുപോകുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഇത്തരത്തില്‍ രണ്ടും ഒരുമിച്ച് കൊണ്ടുപോകുന്ന വ്യക്തികളുളള രാജ്യങ്ങളുടെ പട്ടിക തയാറാക്കിയിരിക്കുകയാണ് മനുഷ്യ വിഭവശേഷി കമ്പനിയായ റിമോട്ട്. ഇവര്‍ പുറത്തുവിട്ട ആഗോള ലൈഫ് വര്‍ക് ബാലന്‍സ് സൂചിക പ്രകാരം ന്യൂസിലന്‍ഡാണ് ഒന്നാം സ്ഥാനത്ത്.
സ്‌പെയിന്‍, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക് എന്നീ യൂറോപ്യന്‍ രാജ്യങ്ങള്‍ ടോപ് ഫൈവില്‍ ഇടം പിടിച്ചു. ഓസ്‌ട്രേലിയയാണ് നാലാം സ്ഥാനത്ത്. ഉയര്‍ന്ന ജി.ഡി.പിയുള്ള 100 രാജ്യങ്ങളില്‍നിന്നാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. രോഗാവധി, ചികിത്സ സഹായം, ശരാശരി ജോലി സമയം, സന്തോഷം, വൈവിധ്യം, എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള മനസ്സ് തുടങ്ങിയവയാണ് മാനദണ്ഡമായി എടുത്തിരിക്കുന്നത്.
സര്‍ക്കാര്‍ വക യൂണിവേഴ്‌സല്‍ ഹെല്‍ത്ത് കെയര്‍ പദ്ധതി, 32 ദിവസ വാര്‍ഷിക അവധി അലവന്‍സ്, 80% രോഗാവധി ശമ്പളം, ശക്തമായ സമ്പദ്ഘടന എന്നിവയാണ് ന്യൂസിലന്‍ഡിനെ ഒന്നാമതെത്തിച്ചത്. യൂറോപ്പില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് സ്‌പെയിനാണ്. 36 ദിവസ വാര്‍ഷിക അവധി, അഞ്ചുദിവസ ജോലി, ഓവര്‍ടൈം അലവന്‍സ് എന്നിവയാണ് ഇവിടത്തെ പ്രത്യേകതകള്‍.
കുറഞ്ഞ പ്രതിവാര ജോലി സമയം (ശരാശരി 25.6 മണിക്കൂര്‍), ഉയര്‍ന്ന മിനിമം വേതനം, 36 വാര്‍ഷിക അവധി തുടങ്ങിയവയാണ് ഫ്രാന്‍സിന്റെ മികവുകള്‍. ഓസ്‌ട്രേലിയയാണ് ഒരു മണിക്കൂറിന് ഏറ്റവും കൂടുതല്‍ മിനിമം വേതനമുള്ള രാജ്യം. കൂടാതെ മികച്ച ചികിത്സ പദ്ധതി, 100 ശതമാനം മെഡിക്കല്‍ ലീവ് പേ എന്നിവയിലും മികവ് കാട്ടി. 36 ദിന വാര്‍ഷിക അവധി, വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളല്‍, സൗജന്യ ചികിത്സ, വിദ്യാഭ്യാസ പദ്ധതി എന്നിവയാണ് ഡെന്‍മാര്‍ക്കിന്റെ മേന്‍മകള്‍.