കോട്ടയം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ തുടരുന്നു. മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷനൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ദേവികുളം താലൂക്കിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു. കൊച്ചി–ധനുഷ്കോടി ദേശീയപാതയിലെ ഗ്യാപ് റോഡിലൂടെയുള്ള യാത്ര പൂർണമായും നിരോധിച്ചു. മൂന്നാറിൽ മണ്ണിടിച്ചിലിനെ തുടർന്ന് മൂന്ന് ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. ഇടുക്കിയിൽ മഴ ശക്തമായതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു തുടങ്ങി. നീരൊഴുക്ക് വർധിച്ചു. ഇപ്പോൾ സംഭരണശേഷിയുടെ 29.80 ശതമാനം വെള്ളമാണ് അണക്കെട്ടിലുള്ളത്. കല്ലാർകുട്ടി ഡാമിന്‍റെ ഷട്ടറുകൾ തുറക്കുന്നതിനാൽ മുതിരപ്പുഴയാർ, പെരിയാർ തീരങ്ങളിലുളളവർ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മരങ്ങൾ കടപുഴകി വീഴാനും കൊമ്പൊടിഞ്ഞ് വീഴാനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.