ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിൽ ചോർച്ചയുണ്ടായതിനെത്തുടർന്ന് സ്ഥലം സന്ദർശിച്ച ക്ഷേത്രനിർമാണ സമിതി അധ്യക്ഷൻ നൃപേന്ദ്ര മിശ്ര അടിയന്തര അറ്റകുറ്റപ്പണികൾക്കു നിർദേശം നൽകി. വയറിങ്ങിനുവേണ്ടി സ്ഥാപിച്ച പൈപ്പ് വഴി മഴവെള്ളം ഇറങ്ങിയതാണെന്നും ചോർച്ചയല്ലെന്നും അദ്ദേഹം വിശദീകരിച്ചു. ക്ഷേത്രത്തിന്റെ ഒന്നാംനിലയുടെ പണി അടുത്തമാസത്തോടെ പൂർത്തിയാകുമ്പോൾ പ്രശ്നം തീരുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചത്തെ മഴയെത്തുടർന്ന് ശ്രീകോവിലിലെ മേൽക്കൂരയിൽ ചോർച്ചയുണ്ടായെന്നു പറഞ്ഞ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്രദാസ്, നിർമാണത്തിനു നേതൃത്വം നൽകുന്ന എൻജിനീയർമാരെ രൂക്ഷ ഭാഷയിൽ വിമർശിച്ചിരുന്നു. നിർമാണം പൂർണമായി പൂർത്തിയാക്കാതെ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയതു ലോക്സഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടാണെന്നു പ്രതിപക്ഷം മുൻപ് ആരോപിച്ചിരുന്നു. ഡിസംബറോടെ ക്ഷേത്രനിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.