തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള വിമാനയാത്രാ നിരക്കുകളുടെ വര്‍ധന റദ്ദാക്കണമെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി ആവശ്യപ്പെട്ടു. ഇതു കാണിച്ച് അദ്ദേഹം കേന്ദ്ര വ്യോമയാനമന്ത്രി കിഞ്ജരാപ്പു രാംമോഹന്‍ നായിഡുവിന് കത്തയച്ചു. അദാനി ഗ്രൂപ്പ് നടത്തുന്ന തിരുവനന്തപുരം വിമാനത്താവളത്തിലെ സേവന നിരക്കുകള്‍ വന്‍തോതില്‍ കൂട്ടിയിരിക്കുകയാണ്. ജൂലൈ ഒന്നുമുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വരുമെന്നു കാണിച്ച് ജൂണ്‍ 21ന് എയര്‍പ്പോര്‍ട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി ഉത്തരവിറക്കിക്കഴിഞ്ഞു.
ഇത് വിമാനയാത്രക്കാര്‍ക്കുമേല്‍ കടുത്ത ഭാരം ചുമത്തും. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നു കയറുന്ന ആഭ്യന്തരയാത്രികരുടെ യൂസര്‍ ഡെവലപ്‌മെന്റ് ഫീസ് പകുതിയോളം കൂട്ടി 506 രൂപയില്‍ നിന്ന് 770 രൂപയാക്കി. വന്നിറങ്ങുന്നവരുടെ ഫീസ് 330 രൂപയും. അടുത്തകൊല്ലം ഇത് യഥാക്രമം 840 രൂപയും 360 രൂപയുമാകും. അതിനടുത്ത കൊല്ലം 910 രൂപയും 390 രൂപയുമായി പിന്നെയും ഉയരും. വിമാനങ്ങളുടെ ലാന്‍ഡിംഗ് ചാര്‍ജും കുത്തനേ കൂട്ടിയിരിക്കയാണ്. ഒരു ടണ്‍ വിമാനഭാരത്തിന് 309 രൂപയുണ്ടായിരുന്നത് മൂന്നിരട്ടിയോളം കൂട്ടി 890 രൂപയാക്കി. പാര്‍ക്കിംഗ് ചാര്‍ജും സമാനമായി വര്‍ധിപ്പിച്ചു.
ഇതെല്ലാം തെക്കേ ഇന്ത്യയിലെ, വിശേഷിച്ച് കേരളത്തിലെ, യാത്രക്കാരെ ബാധിക്കും. കോവിഡ് അനന്തര അതിജീവനദശയിലുള്ള കേരളത്തിലെ വ്യോമയാത്രാമേഖലയെയും സമ്പദ്ഘടനയെയും ഇത് ദോഷകരമായി ബാധിക്കും. സംസ്ഥാനതലസ്ഥാനത്തെ വിമാനത്താവളത്തിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും ഇതു ദോഷം ചെയ്യുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം വിമാനത്താവളത്തിലെയും ദില്ലി, മുംബൈ, ബംഗളൂരു, ഹൈദരാബാദ, കൊച്ചി വിമാനത്താവളങ്ങളിലെയും വരുമാനവും സേവനനിരക്കുകളും കത്തില്‍ താരതമ്യപ്പെടുത്തി.
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പുകാര്‍ തെറ്റായ രീതികള്‍ കൈക്കൊണ്ട് യാത്രക്കാര്‍ക്കുമേല്‍ അമിതഭാരം ചുമത്തി അധിക ലാഭം കൈപ്പറ്റുകയാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് എം.പി വിശദീകരിച്ചു. ഈ സാഹചര്യത്തില്‍ നിരക്ക് വര്‍ധന സംബന്ധിച്ച ഉത്തരവ് പുനഃപരിശോധിക്കുന്നതിനായി അടിയന്തരമായി ഇടപെടണമെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി കേന്ദ്ര മന്ത്രിയോട് അവശ്യപ്പെട്ടു.