Crime

കളിയിക്കാവിളയിലെ കൊലപാതകം; കുറ്റമേറ്റെടുത്ത അമ്പിളിയുടെ വാക്കുകള്‍ വിശ്വസിക്കാതെ പോലീസ്, കൂട്ടു പ്രതികളുണ്ടെന്ന് ഉറപ്പിച്ച് സമഗ്ര അന്വേഷണവുമായി തമിഴ്‌നാട് പോലീസ്

കളിയിക്കാവിളയില്‍ ക്വാറി ഉടമ കരമന സ്വദേശി ദീപുവിലെ കൊലപ്പെടുത്തിയ കേസില്‍ സ്വയം കുറ്റമേറ്റെടുത്ത് ഗുണ്ടാ നേതാവ് ചുഴാറ്റുകോട്ട അമ്പിളി. കളിയിക്കാവിള പോലീസിന്റെ കസ്റ്റഡിയിലുള്ള അമ്പിളി, ദീപുവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ ഏറ്റെടുത്തതാണോ അതോ മുൻ വൈരാഗ്യമാണോയെന്ന കാര്യങ്ങളിൽ ഇതുവരെ വ്യക്ത വന്നിട്ടില്ല. താന്‍ ഒറ്റയ്ക്കാണ് കൊല നടത്തിയെതന്നു അമ്പിളി പറയുമ്പോഴും മറ്റു കാര്യങ്ങളില്‍ മൊഴികള്‍ മാറ്റി പറഞ്ഞ് പോലീസിനെ വട്ടം ചുറ്റിക്കുകയാണ്. ദീപുവിനോടുള്ള വൈരാഗ്യം കാരണം പ്രതി ഒറ്റയ്ക്കു നടത്തിയതാണ് കൊലപാതകമെന്ന മൊഴി പോലീസ് വിശ്വസിക്കുന്നില്ല. കോയമ്പത്തൂരിലേക്ക് പോയ ക്രഷര്‍ ഉടമ ദീപുവിനെ കാറില്‍ കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ തമിഴ് നാട് പോലീസ് മലയത്തെ ഒളിത്താവളത്തില്‍ വെച്ചാണ് കുപ്രസിദ്ധ ഗുണ്ട ചൂഴാറ്റുകോട്ട അമ്പിളിയെ പിടികൂടിയത്. കൊലപാതകത്തിന് പിന്നില്‍ കവര്‍ച്ച മാത്രമാണോ അതോ ക്വട്ടേഷനാണോ എന്ന് ഇനിയും വ്യക്തമായിട്ടില്ല. കൊലപാതകത്തിന് പിന്നാലെ കാറിനുള്ളില്‍ നിന്ന് ഒരാള്‍ ഇറങ്ങിപ്പോയതിന്റെ സിസിടിവി ദൃശ്യം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് അമ്പിളി പിടിയിലായത്. അമ്പിളിയെ പിടികൂടാന്‍ തമിഴ്‌നാട് പോലീസ് വീട്ടിലെത്തിയെങ്കിലും അവിടെ ഉണ്ടായിരുന്നില്ല. പിന്നീട് ഒളിത്താവളത്തില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്.

ദീപുവിന്റെ സ്ഥാപനത്തിലെ ജീവനക്കാര്‍ പൊലീസിന് നല്‍കിയ ചില സൂചനകളെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മലയം ചുഴാറ്റുകോട്ട സ്വദേശിയായ അമ്പിളി എന്ന ഷാജിയിലേക്ക് അന്വേഷണം എത്തിയത്. ഇയാള്‍ പണമാവശ്യപ്പെട്ട് ദീപുവിനെ നേരത്തേയും ഭീഷണിപ്പെടുത്തിരുന്നു എന്നാണ് പൊലീസ് പറയുന്നത്. അമ്പത്തൊമ്പതുകാരനായ ഇയാള്‍ ഇപ്പോള്‍ സ്പിരിറ്റ്, ക്വാറി, മണ്ണുമാഫിയകളുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ദീപുവിന്റെ കൊലപാതകത്തിന് പിന്നില്‍ ഗുണ്ടാസംഘമാണെന്ന സൂചന നേരത്തേ പൊലീസിന് ലഭിച്ചിരുന്നു. പണമാവശ്യപ്പെട്ട് അടുത്തിടെ ഗുണ്ടാസംഘം ദീപുവിനെ വിളിച്ചിരുന്നതായി ഭാര്യ വിധു മാദ്ധ്യമങ്ങളോട് പറഞ്ഞു. ആദ്യം പത്തുലക്ഷവും പിന്നീട് അഞ്ച് ലക്ഷവും ആവശ്യപ്പെട്ടെന്ന് ദീപു പറഞ്ഞിരുന്നു. പണം നല്‍കാതായപ്പോള്‍ മക്കളെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തി.
മറ്റൊരു സംഘം 50 ലക്ഷം ആവശ്യപ്പെട്ടു. അച്ഛന്‍ രണ്ടുമാസം മുന്‍പ് ഇക്കാര്യങ്ങള്‍ തന്നോടും പറഞ്ഞിരുന്നെന്ന് മകന്‍ മാധവ് പറഞ്ഞു. ജീവനക്കാരെ ഉള്‍പ്പടെ ഒഴിവാക്കി ദീപു അമ്പിളിയുമായി എന്തിന് കാറില്‍ കോയമ്പത്തൂരിലേക്ക് പോയി എന്ന കാര്യത്തില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. മൂക്കുന്നിമലയില്‍ ദീപുവിന് ഒരു ക്വാറി ഉണ്ടായിരുന്നു. ഇതിനടുത്താണ് അമ്പിളിയുടെ വീട്. ഇയാള്‍ ക്വാറിക്ക് സംരക്ഷണം നല്‍കിയിരുന്നതായി നാട്ടുകാര്‍ പറയുന്നു.

തിരുവനന്തപുരം കൈമനം വിവേക് നഗര്‍ ദിലീപ് ഭവനില്‍ സോമന്റെ മകന്‍ ദീപുവിനെ(45) ഇന്നലെയാണ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കളിയിക്കാവിളയ്ക്ക് സമീപം പടന്താലുംമൂട്ടില്‍ തിങ്കളാഴ്ച രാത്രി 10.30നായിരുന്നു സംഭവം. ഇയാളുടെ കൈയിലുണ്ടായിരുന്ന 10 ലക്ഷം രൂപയും കൊലയാളി കവര്‍ന്നിരുന്നു.12 വര്‍ഷം മുമ്പ് മലയിന്‍കീഴ് അണപ്പാട് വച്ച വീട്ടിലാണ് ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ദീപു താമസിച്ചിരുന്നത്. വീടിനോട് ചേര്‍ന്ന് ജെസിബി, ഹിറ്റാച്ചി എന്നിവയുടെ വര്‍ക്ക്‌ഷോപ്പും സ്പെയര്‍പാര്‍ട്‌സ് വില്പനയുമുണ്ട്. തിങ്കളാഴ്ച വൈകിട്ട് 6.30നാണ് വീട്ടില്‍ നിന്ന് ദീപു മഹീന്ദ്ര കാറില്‍ പണവുമായി പോയത്. നെയ്യാറ്റിന്‍കരയില്‍ നിന്ന് മെക്കാനിക്കും തക്കലയില്‍ നിന്ന് മറ്റൊരാളും ഒപ്പമുണ്ടാകുമെന്ന് ഭാര്യയോട് പറഞ്ഞിരുന്നു. തമിഴ്‌നാട്ടിലെ കളിയിക്കാവിള പൊലീസ് സ്റ്റേഷനില്‍ നിന്ന് 200 മീറ്റര്‍ അകലെ റോഡിലാണ് കാര്‍ കണ്ടെത്തിയത്. ബോണറ്റ് തുറന്ന നിലയിലായിരുന്നു. അരമണിക്കൂറോളം കാര്‍ റൈസായിക്കിടന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസികളാണ് ഡ്രൈവര്‍ സീറ്റില്‍ ചോരയില്‍ കുളിച്ച് ഒരാള്‍ കിടക്കുന്നത് കണ്ടത്. വിവരമറിയിച്ചതോടെ പൊലീസെത്തിയാണ് മൃതദേഹം ആശാരിപള്ളം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കട്ടര്‍ ഉപയോഗിച്ചാണ് ദീപുവിന്റെ കഴുത്തറുത്തത് എന്നാണ് സൂചന. കൂടുതര്‍ പേരുടെ സഹായം ഉണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

മൂന്ന് കൊലപാതക കേസുകള്‍ അടക്കം 50 ലേറെ കേസുകളില്‍ പ്രതിയാണ് ചൂഴാറ്റുകോട്ട അമ്പിളി എന്ന ഷാജി. അമ്പിളിയും മറ്റൊരു ഗുണ്ടയായ അമ്മക്കൊരു മകന്‍ സോജുവും തമ്മിലെ കുടിപ്പകയുടെ പേരില്‍ തലസ്ഥാനത്ത് നിരവധി ആക്രമണങ്ങള്‍ ഉണ്ടായിരുന്നു. ഗുണ്ടാപ്പണി നിര്‍ത്തിയ അമ്പിളി പിന്നീട് മണല്‍ക്കടത്തിലേക്കും ക്വാറികളില്‍ നിന്നുള്ള ഗുണ്ടാപിരിവിലേക്കും തിരിയുകയായിരുന്നു. ദീപുവിനെ അമ്പിളി കൊലപ്പെടുത്തിയതിന്റെ കാരണം ഇപ്പോഴും ദുരൂഹമാണ്. ല്ല. ഇത്രയും ക്രിമിനലായ അമ്പിളിയെ എന്തിന് ദീപു യാത്രയില്‍ ഒപ്പം കൂട്ടി എന്നതും ദുരൂഹമാണ്. അന്വേഷണത്തിന്റെ ഭാഗമായി തമിഴ്‌നാട് പൊലീസ് ദീപുവിന്റെ ക്വാറി യൂണിറ്റിലെ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. കൊലപാതകത്തില്‍ നെടുമങ്ങാടുള്ള ആക്രികച്ചവടക്കാരന് ബന്ധമുണ്ടെന്ന് തുടക്കത്തില്‍ പൊലീസിന് സംശയമുണ്ടായിരുന്നു. ആക്രിക്കച്ചവടം നടത്തുന്ന നെടുമങ്ങാട് സ്വദേശിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭൂമി അറ്റാച്ച് ചെയ്തിരുന്നുവെന്നും ആ കേസ് കോടതിയിലാണെന്നും പോലീസ് പറഞ്ഞു.