തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലകളിലെ കൗമാരക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി കനൽ ഇന്നോവേഷൻസ് ചാരിറ്റബിൾ ട്രസ്റ്റ് നടപ്പിലാക്കുന്ന ‘ചങ്ങാതി’ പ്രോജക്ടിൻ്റെ ഭാഗമായ ലഹരി വിരുദ്ധ വാരാചരണത്തോടനുബന്ധിച്ച് ആരംഭിക്കുന്ന “SAY NO” ക്യാംപയിൻ വെട്ടുകാട് സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ തിരുവനന്തപുരം ജില്ലാ അസിസ്റ്റന്റ് കളക്ടർ സാക്ഷി മോഹൻ ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ മേഖലയിൽ കഴിഞ്ഞ എട്ട് വർഷമായി പ്രവർത്തിക്കുന്ന സംഘടനയാണ് കനൽ. തീരദേശ മേഖലയിലെ കുട്ടികളുടെ ശാക്തീകരണം ലക്ഷ്യമിട്ടു ഉന്നമനമാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
കൗമാരകാലഘട്ടത്തിൽ കുട്ടികൾക്ക് പ്രത്യേക ശ്രദ്ധയും പരിചരണവും ഉറപ്പാക്കേണ്ടത് സമൂഹത്തിൻ്റെ കടമയാണ്. ഇതിന്റെ ഭാഗമായി കുട്ടികൾക്ക് ഒരുവർഷം തുടർച്ചയായി സൈക്കോ സോഷ്യൽ സപ്പോർട്ട്, കൗൺസിലിങ്, ലൈഫ് സ്‌കിൽ ട്രെയിനിങ്, ലഹരി വിരുദ്ധ ക്ലാസ്സുകൾ, ശുചിത്വ ബോധവത്ക്കരണം, ആരോഗ്യപരമായ ഭക്ഷണ ശീലം, നാടക പരിശീലനം, കലാ പരിശീലനം, മെഡിക്കൽ ക്യാമ്പുകൾ, രക്ഷാകർത്താക്കൾക്കുള്ള പാരന്റ് മാനേജ്‌മെന്റ് ട്രെയിനിങ് എന്നിവ നൽകുന്നു. 2023-24 അധ്യായന വർഷത്തിൽ ആരംഭിച്ച ചങ്ങാതി പ്രൊജക്ടിൻ്റെ ഭാഗമായി ഒട്ടനവധി പ്രവർത്തനങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചിട്ടുണ്ട്. അവയൊക്കെയും കുട്ടികളിൽ നല്ല മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.
മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചതിൻ്റെ ഫലമായി കുട്ടികളിലെ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ മനസിലാക്കുവാനും ഒരു പരിധി വരെ അവ പരിഹരിക്കുവാനും സാധിച്ചു. ‘വാട്ടർ ബെൽ’ ക്യാമ്പയിന്റെ ഫലമായി കുട്ടികളിൽ വെള്ളം കുടിക്കുന്ന ശീലം വർധിച്ചു മാത്രമല്ല കൗൺസിലിങ് വഴി കുട്ടികളിലെ മാനസിക സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം തുടങ്ങിയവ ഗണ്യമായി കുറഞ്ഞതായും കണ്ടു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തുന്ന പരിപാടികളുടെ ഉദ്ഘാടനമാണ് അസിസ്റ്റൻ്റ് കളക്ടർ സാക്ഷി മോഹൻ ഇന്ന് നടത്തിയത്. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള കനലിൻ്റെ “സേ നോ” എന്ന ക്യാംപയിൻ്റെ ആരംഭം കൂടിയായിരുന്നു ഇന്ന്. ലഹരി വിരുദ്ധതക്കെതിരെ കുട്ടികൾ പ്രതിജ്ഞ എടുക്കുകയും ശേഷം ക്യാംപയിനിൽ പങ്കാളികളാകുന്നതിൻ്റെ പ്രതീകമായി ഒരു ബാഡ്ജും കുട്ടികൾ ധരിച്ചു.
തിരുവനന്തപുരം ജില്ലാ അസിസ്റ്റൻ്റ് കളക്ടർ സാക്ഷി മോഹൻ, ജില്ലാ വനിത ശിശു വികസന ഓഫീസർ, തസ്നീം പി എസ് എന്നിവരായിരുന്നു മുഖ്യാതിഥികൾ. കനൽ ഇന്നോവേഷൻസ് ഡയറക്ടർ അഡ്വ. ആൻസൻ പി ഡി അലക്സാണ്ടർ, വാർഡ് കൗൺസിലർ സെറാഫിൻ ഫ്രെഡ്ഢി, ഇൻഫോബ്‌ളോക്സ് പ്രതിനിധി ശുഭ എസ്, മാദ്രെ ദെ ദേവൂസ്, ദേവാലയം അസിസ്റ്റൻ്റ് വികാരി ഫാദർ ലീൻ, പി ടി എ പ്രസിഡൻ്റ് ജോർജ് ജോസഫ്, ജനമൈത്രി പോലീസ് പ്രതിനിധി മനോജ്, സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് മേരി വിജി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് മാതാപിതാക്കൾക്ക് പാരൻ്റ് മാനേജ്മെൻ്റ് ട്രെയിനിംഗും വിദ്യാർഥികൾക്ക് ലഹരിയെകുറിച്ചുള്ള അവബോധ ക്ലാസുകളും സംഘടിപ്പിച്ചു.