ഇതുപോലൊരു ധൂര്‍ത്ത് വേറെ എവിടെയും കണ്ടിട്ടുണ്ടാവില്ല. കോട്ടയത്തിന്റെ ഒത്ത മധ്യത്തില്‍ തുരുമ്പെടുത്തു തുടങ്ങിയ ഇരുമ്പ് തൂണുകള്‍. അതിനു കതുറുകെയും നെടുകെയുമൊകെ നിരവധി കമ്പികള്‍. കാല്‍നടയാത്രക്കാര്‍ക്കും, വാഹനയാത്രക്കാര്‍ക്കും ഒരുപോലെ വെല്ലുവിളി ഉയര്‍ത്തുന്ന കമ്പികള്‍. ഈ ആകാശപ്പാത ജനങ്ങള്‍ക്കു വേണ്ടി നിര്‍മ്മിച്ചതാണോ എന്നു സംശയിച്ചു പോകും. ഇന്ന് നിയമസഭയില്‍ കോട്ടയത്തെ ആകാശപ്പാത നിര്‍മ്മാണത്തെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് മന്ത്രി. കോട്ടയത്തെ ആകാശപ്പാത നിര്‍മ്മാണവുമായി മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ നിയമസഭയില്‍ അസന്നിഗ്ധമായി പറഞ്ഞിരിക്കുകയാണ്.
സര്‍ക്കാരിന്റെ പൊതുമുതല്‍ ഇത്തരം കാര്യങ്ങള്‍ക്ക് ദുര്‍വ്യയം ചെയ്യാന്‍ പാടില്ലെന്നാണ് തന്റെ അഭിപ്രായമെന്നും മന്ത്രി പറഞ്ഞു. ആദ്യഘട്ടത്തില്‍ അഞ്ചു കോടി രൂപ നിശ്ചയിച്ച പദ്ധതിക്ക് ഇപ്പോള്‍ 17.82 കോടിയിലേറെ രൂപ വേണ്ടിവരും പൂര്‍ത്തിയാക്കാന്‍. സ്ഥലം ഏറ്റെടുക്കേണ്ടി വന്നാല്‍ അതിലും കൂടുതല്‍ പണം വേണ്ടിവരും. ഇത്രയും പണം മുടക്കി ആകാശപ്പാത നിര്‍മ്മിച്ചാല്‍ ഭാവിയില്‍ കോട്ടയത്തിന്റെ തുടര്‍വികസനവുമായി ബന്ധപ്പെട്ട് അതു പൊളിച്ചുനീക്കേണ്ട അവസ്ഥയും ഉണ്ടാകും. ഈ സാഹചര്യത്തില്‍ റോഡ് സേഫ്റ്റി അതോറിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണവുമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
ആകാശപ്പാതയുടെ നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആവശ്യത്തോടു പ്രതികരിക്കുകയായിരുന്നു മന്ത്രി. തിരുവഞ്ചൂര്‍ വനംമന്ത്രിയായിരുന്നപ്പോള്‍ താന്‍ സമര്‍പ്പിച്ച ഒരു പദ്ധതി നിഷ്‌ക്കരുണം തള്ളിയിരുന്നു. അതിനു പകരമായാണ് ഇതു ചെയ്യുന്നതെന്നു കരുതരുതെന്നും ഗണേഷ്‌കുമാര്‍ മറുപടിയായി പറഞ്ഞു. ഇത്തരം നിര്‍മ്മാണങ്ങള്‍ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന് നല്‍കണമെന്ന നിയമം ലംഘിച്ചാണ് അന്നത്തെ മന്ത്രിയുടെ നിര്‍ദേശപ്രകാരം കിറ്റ്‌കോയ്ക്ക് കരാര്‍ നല്‍കിയത്.
കോട്ടയം നഗരത്തില്‍ എന്താണീ നില്‍ക്കുന്നതെന്ന് താനും വിചാരിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു. എറണാകുളത്ത് ബിനാലെയ്ക്ക് വന്ന ഏതോ കലാകാരന്‍ സ്ഥലത്തെ എം.എല്‍.എയോടുള്ള ആത്മബന്ധം കൊണ്ട് ഉണ്ടാക്കിയ ശില്‍പമാണെന്നാണ് ആദ്യം കരുതിയത്. മന്ത്രിയായി ചുമതലയേറ്റ ശേഷമാണ് അതൊരു സ്‌കൈവാക്കാണെന്നു മനസിലാക്കാന്‍ കഴിഞ്ഞത്. ഇതു പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരാള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പദ്ധതിക്ക് സ്വകാര്യസ്ഥലം ഏറ്റെടുക്കേണ്ടിവരില്ലെന്നാണ് അന്നത്തെ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. സൗജന്യമായി ഭൂമി വിട്ടു നല്‍കുമെന്നാണ് പറഞ്ഞിരുന്നതും.
എന്നാല്‍, ഇപ്പോള്‍ അവര്‍ വിസമ്മതിക്കുന്നതിനാല്‍ കോടിക്കണക്കിനു രൂപ സ്ഥലം ഏറ്റെടുക്കാന്‍ വേണ്ടിവരും. പണം കൊടുത്ത് സ്ഥലം ഏറ്റെടുക്കാന്‍ റോഡ് സേഫ്റ്റി അതോറിറ്റിക്ക് അധികാരമില്ല. നിര്‍ദ്ദഷ്ട സ്‌കൈവാക്ക് ഘടനയില്‍ മതിയായ തൃപ്തിയില്ലെന്നാണ് പാലക്കാട് ഐ.ഐ.ടിയുടെ റിപ്പോര്‍ട്ട്. അപര്യാപ്തമായ സ്ട്രക്ചര്‍ ശക്തിപ്പെടുത്താന്‍ സാധ്യത പരിശോധിക്കണമെന്നും ഫൗണ്ടേഷന്‍ അപര്യാപ്തമാണെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. ഇതു കോടതിയെയും അറിയിച്ചു. 6 ലിഫ്റ്റും മൂന്നു സ്റ്റെയര്‍കെയ്‌സും വേണമെന്ന് നാറ്റ്പാക്ക് വ്യക്തമാക്കുന്നു. ഇതുള്‍പ്പെടെ തയാറാക്കിയ പുതിയ എസ്റ്റിമേറ്റ് പ്രകാരം 17.85 കോടി രൂപ വേണ്ടിവരും.
അതിനിടെ കിറ്റ്‌കോയില്‍ നടന്ന ക്രമക്കേടുകളില്‍ വിജിലന്‍സ് അന്വേഷണം നടന്നു. ഇതിന്റെ എന്‍ജിനീയറിങില്‍ ചില പിഴവുകള്‍ പറ്റിയെന്നും ആ തുക ഉദ്യോഗസ്ഥരില്‍ നിന്നു പിടിച്ചെടുക്കണമെന്നും വിജിലന്‍സ് വ്യക്തമാക്കുന്നു. പദ്ധതിയുടെ തുടര്‍പരിപാലനം, സ്ഥലമേറ്റെടുക്കല്‍ എന്നിവ ഉള്‍പ്പെടെ കലക്ടര്‍ക്ക് ഒരു ചോദ്യാവലി നല്‍കി. പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് കലക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കാതെ നിര്‍മ്മാണം നടത്തിയാല്‍ കോട്ടയത്തിന്റെ തുടര്‍വികസനത്തിന്റെ ഭാഗമായി സ്‌കൈവാക്ക് പൊളിച്ചു മാറ്റേണ്ടിവരും.
17 കോടി മുടക്കി നിര്‍മിക്കാമെന്നു വിചാരിച്ചാലും പിന്നീടു പൊളിക്കേണ്ടിവരുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. കോട്ടയത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നാറ്റ്പാക്ക് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ആകാശപ്പാത നിര്‍മ്മക്കാന്‍ തീരുമാനിച്ചതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.