തിരുവനന്തപുരം : മൂന്നു പതിറ്റാണ്ട് പിന്നിടുന്ന കിന്‍ഫ്ര (കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്‌ട്രെക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ) കഴിഞ്ഞ മൂന്നു വര്‍ഷ കാലയളവിൽ കേരളത്തിൽ സൃഷ്ടിച്ചത് 27335 തൊഴിലവസരങ്ങൾ. 2232.66 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം കേരളത്തിലേക്ക് കൊണ്ടുവരാനും ഈ കാലയളവില്‍ കോര്‍പ്പറേഷന് സാധിച്ചു. 419 വ്യവസായ യൂണിറ്റുകൾക്കായി 211 ഏക്കർ സ്ഥലവും 5.34 ലക്ഷം ചതുരശ്ര അടി ബിൽറ്റ്-അപ്പ് സ്ഥലവും അനുവദിച്ചതിലൂടെയാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്. കിന്‍ഫ്ര ഇതുവരെ കേരളത്തിൽ കൊണ്ടുവന്ന നിക്ഷേപങ്ങളുടെ 35 ശതമാനവും തൊഴിലവസരങ്ങളുടെ 40 ശതമാനവും ഈ മൂന്നുവര്‍ഷംകൊണ്ട് നേടാനായതാണെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.
2016-21 കാലയളവിലെ നേട്ടത്തിന് അടുത്തെത്താനും ഈ മൂന്നു വര്‍ഷംകൊണ്ട് സാധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്നു പതിറ്റാണ്ടുകൊണ്ട് വിവിധ മേഖലകളിലായി 31 വ്യവസായ പാർക്കുകള്‍ സ്ഥാപിച്ച കിൻഫ്ര ആകെ 70,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും 6500 കോടിയോളം സ്വകാര്യ നിക്ഷേപങ്ങൾ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ കൊച്ചി-ബാംഗ്ലൂർ വ്യാവസായിക ഇടനാഴിക്കായി രണ്ട് നോഡുകളിലായി 1273 ഏക്കർ ഭൂമി ഏറ്റെടുക്കാന്‍ സാധിച്ചത് ചരിത്ര നേട്ടമാണെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.പി.എം.
മുഹമ്മദ് ഹനീഷ് പറഞ്ഞു. ഇതിലൂടെ 10,000 കോടി രൂപയുടെ നിക്ഷേപവും ഏകദേശം 22,000 നേരിട്ടും 80,000 പരോക്ഷ തൊഴിലവസരങ്ങളും പാലക്കാട് നോഡിൽ പ്രതീക്ഷിക്കുന്നുണ്ട്. എറണാകുളത്തെ ഗിഫ്റ്റ് സിറ്റിയിൽ 3000 കോടി രൂപയുടെ നിക്ഷേപവും 10,000 പേര്‍ക്ക് നേരിട്ടും 20,000 പേര്‍ക്ക് പരോക്ഷമായും തൊഴിലവസരങ്ങളും പ്രതീക്ഷിക്കുന്നു. സംസ്ഥാന ഖജനാവിന് പ്രതിവർഷം 600 കോടിയോളം വരുമാനവും ഇതില്‍നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.
ടി.സിഎസ്, ടാറ്റ എലക്സി, വി-ഗാര്‍ഡ്, അഗാപ്പെ ഡയഗ്നോസ്റ്റിക്സ്, ഹൈക്കണ്‍, വിന്‍വിഷ് ടെക്നോളജീസ്, ട്രാന്‍സ്- ഏഷ്യന്‍ ഷിപ്പിംഗ് കമ്പനി, ജോളികോട്സ്, ഡി-സ്പേസ്, ജെന്‍ റോബോട്ടിക്സ് തുടങ്ങിയ പ്രമുഖ കമ്പനികൾക്ക് ഭൂമിയും ബിൽറ്റ്-അപ്പ് സ്ഥലങ്ങളും അനുവദിക്കാൻ കിന്‍ഫ്രയ്ക്ക് കഴിഞ്ഞതായി മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ് പറഞ്ഞു.