ടാറ്റാ ഗ്രൂപ്പില്‍ നിന്നുള്ള ഇന്ത്യയുടെ പ്രീമിയം ജുവല്ലറി ബ്രാന്‍ഡായ തനിഷ്‌ക് പാരീസിലെ ഹോട്ട് കൊട്ട്യോർ വീക്ക് 2024-ല്‍ തങ്ങളുടെ എന്‍ചാന്‍റഡ് ട്രെയില്‍സ് ശേഖരം അവതരിപ്പിച്ചു. ഫാഷന്‍ ലോകത്തിന്‍റെ മെക്കയായി അറിയപ്പെടുന്ന ഇവന്‍റാണ് പാരീസ് ഹോട്ട് കൊട്ട്യോർ വീക്ക്. എന്‍ചാന്‍റഡ് ട്രെയില്‍സ് ശേഖരത്തിലെ ഓരോ ആഭരണവും അപൂര്‍വ്വ ഡയമണ്ടുകള്‍ ഉള്‍ക്കൊള്ളുന്ന യഥാര്‍ത്ഥ കലാസൃഷ്ടിയാണ്. പ്രകൃതിയുടെ സങ്കീര്‍ണമായ സൗന്ദര്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള ആഭരണങ്ങളാണ് എന്‍ചാന്‍റഡ് ട്രെയില്‍സ് ശേഖരത്തിലുള്ളത്. ഒഴുകുന്ന നദിയുടേയും വെളിച്ചത്തിന്‍റേയും വെള്ളത്തിന്‍റെയും വിടരുന്ന പുഷ്പത്തിന്‍റെയും ചില്ലകളുടെ ചലനത്തിന്‍റെയും കാടിന്‍റെ മര്‍മരത്തിന്‍റേയുമെല്ലാം ചാരുത പ്രതിഫലിപ്പിക്കുന്നവയാണ് അവ.
പാരീസിലെ ഹോട്ട് കൊട്ട്യോർ വീക്കില്‍ 2021-ല്‍ തുടക്കം കുറിച്ച ആദ്യ ഇന്ത്യന്‍ വനിതാ ഡിസൈനറായ വൈശാലി ഷഡാന്‍ഗുലെയുമായാണ് തനിഷ്‌ക് ഈ വര്‍ഷം സഹകരിക്കുന്നത്. വൈശാലിയുടെ കാഴ്ചപ്പാടുകളും തനിഷ്‌കിന്‍റെ തത്വങ്ങളും കൃത്യമായി യോജിച്ചു പോകുന്നവയാണ്. അതുല്യമായ കരവിരുതിന്‍റേയും പുനര്‍നിര്‍വചിച്ച അഭിരുചിയുടേയും ആഘോഷമാണ് എന്‍ചാന്‍റഡ് ട്രെയില്‍സെന്ന് ടൈറ്റന്‍ കമ്പനിയുടെ ചീഫ് ഡിസൈന്‍ ഓഫിസര്‍ രേവതി കാന്ത് പറഞ്ഞു. പാരീസ് ഹോട്ട് കൊട്ട്യോർ ഫാഷന്‍ രംഗത്തെ പുതുമയുടേയും ആഡംബരത്തിന്‍റേയും ഉന്നത വേദിയായാണ് കണക്കാക്കപ്പെടുന്നത്. നമ്മുടെ കലാകാരന്‍മാരുടേയും കരവിരുതിന്‍റേയും മികവ് പ്രദര്‍ശിപ്പിക്കാനുള്ള അതുല്യമായ വേദി കൂടിയാണിത്.
വൈശാലി ഷഡാന്‍ഗുലെയുമായുള്ള തങ്ങളുടെ പങ്കാളിത്തം കരവിരുതിന്‍റേയും സമകാലീക ഡിസൈനിന്‍റേയും മികച്ച കൂട്ടുകെട്ടാണ് ലഭ്യമാക്കുന്നത്. വൈശാലിയുടെ സവിശേഷമായ രീതികള്‍ പ്രകൃതിയില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടുള്ള തങ്ങളുടെ ഡയമണ്ട് ശേഖരങ്ങളുടെ തീമിനു കൂടുതൽ ശക്തിയേകുന്നുവെന്നും രേവതി കാന്ത് കൂട്ടിച്ചേര്‍ത്തു. ഫാഷന്‍റെ ആഗോള തലസ്ഥാനമായ പാരീസിലെത്തുമ്പോള്‍ തനിഷ്‌കിന്‍റെ ഏറ്റവും പുതിയ ശേഖരം വെറും ജുവല്ലറിയേക്കാള്‍ ഏറെയാണ് കാഴ്ച വെക്കുന്നത്. മികച്ച കരവിരുതും പുതുമയുള്ള ഡിസൈനും ഇതിൽ ദൃശ്യമാണ്. ഇതിലെ ഓരോ ആഭരണവും മികച്ച ശ്രദ്ധയോടെ തയ്യാറാക്കിയതും കാലാതീതമായ സൗന്ദര്യവും വശ്യതയും ഒത്ത് ചേർന്നതുമാണ്.