ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസിൽ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ സിബിഐയുടെ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവിട്ടു. ഡല്‍ഹി റൗസ് അവന്യൂ കോടതിയാണ് കെജ്രിവാളിനെ മൂന്നു ദിവസത്തേക്ക് സിബിഐയുടെ കസ്റ്റഡിയില്‍ വിട്ടത്.
കെജ്രിവാളിനെ അറസ്റ്റ് ചെയ്ത സിബിഐ കസ്റ്റഡിയില്‍ വിടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കോടതിമുറിയിൽ ചോദ്യംചെയ്യാൻ അനുമതി നൽകിയ കോടതി അറസ്റ്റിലേക്ക് നയിക്കുന്ന രേഖകൾ ഹാജരാക്കാൻ നിർദേശിച്ചിരുന്നു. തുടർന്നാണ് അറസ്റ്റ് ചെയ്യാൻ അനുമതി നൽകിയത്. ഇതിനുശേഷമാണ് വൈകിട്ടോടെ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവിറക്കിയത്.
അതേസമയം, മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മനീഷ് സിസോദിയായ്ക്കെതിരെ മൊഴി നൽകിയെന്ന് സിബിഐ കോടതിയിൽ അറിയിച്ചു.
പുതിയ മദ്യനയം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ആശയമായിരുന്നുവെന്ന് കെജ്രിവാള് പറഞ്ഞുവെന്ന് സിബിഐ ഡല്‍ഹി റൗസ് അവന്യൂ കോടതിയിൽ പറഞ്ഞു. അതേസമയം കെജ്രിവാൾ സിബിഐയുടെ വാദങ്ങള്‍ തള്ളി.
മനീഷ് സിസോദിയയെ കുറ്റപ്പെടുത്തുന്ന തരത്തില്‍ താന്‍ മൊഴി നല്‍കിയിട്ടില്ലെന്ന് കെജ്രിവാൾ കോടതിയിൽ പറഞ്ഞു. സിബിഐ വൃത്തങ്ങൾ വ്യാജവാർത്ത പ്രചരിപ്പിക്കുകയാണെന്നും കെജ്രിവാൾ കൂട്ടിച്ചേര്‍ത്തു.
മദ്യനയക്കേസിൽ ഇഡി അറസ്റ്റ് ചെയ്ത് തിഹാർ ജയിലിൽ കഴിയുന്ന കെജ്രിവാളിനെ ചൊവ്വാഴ്ച സിബിഐ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇഡി അറസ്റ്റ് ചെയ്ത സിസോദിയ ഇപ്പോഴും ജയിലിൽ തുടരുകയാണ്.