തിരുവനന്തപുരം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു.
ജില്ലകളിലെ അങ്കണവാടി മുതൽ പ്രൊഫണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അതേസമയം മുൻ നിശ്ചയിച്ച പരീക്ഷകളിൽ മാറ്റമുണ്ടാകില്ല.
സംസ്ഥാനത്ത് ഇന്ന് അതി ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
വ്യാഴാഴ്ച വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരങ്ങളിൽ വ്യാഴാഴ്ച രാത്രി 11.30 വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിൽ ഈ കാലവർഷ സീസണിലെ സംസ്ഥാനത്തെ ഏറ്റവും കൂടിയ മഴയാണ് രേഖപ്പെടുത്തിയത്. ശരാശരി 69.6 മില്ലിമീറ്റർ. കോട്ടയം കിടങ്ങൂരിൽ 199 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തി. കേന്ദ്ര ജല കമീഷൻ പ്രളയ മുന്നറിയിപ്പ് സംവിധാന പ്രകാരം പത്തനംതിട്ട ജില്ലയിലെ മഡമൺ സ്റ്റേഷൻ (പമ്പ നദി), കല്ലൂപ്പാറ സ്റ്റേഷൻ (മണിമല നദി) എന്നിവിടങ്ങളിൽ വ്യാഴാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.