ഡെങ്കിപനിക്കെതിരെ മലയാളത്തിൽ ബോധവൽകരണം സജീവമാക്കി യു.എ.ഇ ആരോഗ്യമന്ത്രാലയം. രോഗം പരത്തുന്ന കൊതുകുകൾ പെരുകുന്നത് തടയാനും ജാഗ്രതപാലിക്കാനും ആവശ്യപ്പെട്ടാണ് ബോധവൽകരണം. ഡെങ്കി പരത്തുന്ന കൊതുകുകൾ പകൽസമയത്താണ് സജീവമാകുന്നതെന്നും അവക്കെതിരെ ജാഗ്രതാവേണമെന്നും യു.എ.ഇ ആരോഗ്യമന്ത്രാലയം മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ പുറത്തിറക്കിയ വീഡിയോയിൽ മുന്നറിയിപ്പ് നൽകുന്നു.
കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത് തടയാൻ വെള്ളംകെട്ടികിടക്കുന്നത് ഒഴിവാക്കണം. ശുചിമുറികളും മറ്റും വൃത്തിയായി സൂക്ഷിക്കണം. കീടനാശിനികൾ ഉപയോഗിച്ച് കൊതുക് ഉൾപ്പെടെയുള്ള കീടങ്ങളെ നിയന്ത്രിക്കാൻ ശ്രദ്ധിക്കണം. കൊതുകിന്റെ കടിയോൽക്കാതിരിക്കാൻ ക്രീമുകൾ ഉപയോഗിക്കണം. നീളമുള്ള വസ്ത്രങ്ങൾ ധരിക്കണമെന്നും മന്ത്രാലയം നിർദേശിക്കുന്നു.
പനി അനുഭവപ്പെട്ടാൽ വിശ്രമിക്കാനും, ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. പാരസെറ്റമോൾ പോലുള്ള വേദനസംഹാരികൾ ഉപയോഗിക്കാം. എന്നാൽ ഇബുപ്രൂഫൻ, ആസ്പിരിൻ പോലുള്ള മരുന്നുകൾ ഒഴിവാക്കണം. ഗുരുതരമായ പ്രശ്‌നങ്ങളുണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടണമെന്നും വീഡിയോ സന്ദേശത്തിൽ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.