ന്യൂഡൽഹി: പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ‘ജയ് പലസ്തീൻ’ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിന് മുന്നിൽ അപേക്ഷ. ഭരണഘടനയുടെ 102-ാം അനുച്ഛേദം ചൂണ്ടിക്കാണിച്ചാണ് അപേക്ഷ. ഹൈദരാബാദിൽ നിന്നുള്ള എം.പി.യും എ.ഐ.എം.ഐ.എം. അധ്യക്ഷനുമാണ് ഒവൈസി.
ഇന്ത്യൻ പാർലമെൻ്റിൽ ‘ജയ് പലസ്തീൻ’ മുദ്രാവാക്യം ഉയർത്തിയതിലൂടെ ഒവൈസിക്ക് വിദേശ രാജ്യത്തോടുള്ള ആഴത്തിലുള്ള കൂറും വിധേയത്വവുമാണ് കണിക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 102 (ഡി) പ്രകാരം ഒരു വിദേശ രാജ്യത്തോട് വിധേയത്വം അല്ലെങ്കിൽ അനുസരണയുളള ആളെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കാം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി അഭിഭാഷകൻ അലാഖ് അലോക് രാഷ്ട്രപതിക്ക് പരാതി നല്‍കിയത്.
സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ എന്ന മുദ്രാവാക്യം വിളിച്ചതിന് പിന്നാലെ പാർലമെന്റിലും പ്രതിഷേധമുണ്ടായിരുന്നു. വിഷയത്തിൽ ഒവൈസിക്കെതിരേ പരാതിയുമായി ശോഭാ കരന്തലജെ എം.പി. രംഗത്തെത്തുകയും ചെയ്തു. ‘ജയ് ഭീം, ജയ് മീം, ജയ് തെലങ്കാന, ജയ് പലസ്തീൻ’ എന്ന് പറഞ്ഞായിരുന്നു ഒവൈസി സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്.