ചെന്നൈ: കള്ളക്കുറിച്ചി ജില്ലയിലെ കരുണാപുരത്തുണ്ടായ വ്യാജ മദ്യദുരന്തത്തിൽ മരണം 63 ആയി. ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേർ കൂടി ഇന്ന് മരിച്ചു.കള്ളക്കുറിച്ചി ജില്ല ഗവ. ആശുപത്രി, സേലം ഗവ. മെഡിക്കൽ കോളജ് ആശുപത്രി, പുതുച്ചേരി ജിപ്മർ എന്നിവിടങ്ങളിലായി 116 പേർ ചികിത്സയിലാണ്.
പുതുച്ചേരി, സേലം ആശുപത്രികളിൽ ചികിത്സയിലുണ്ടായിരുന്നവരാണ് മരിച്ചത്. ആറ് സ്ത്രീകൾ ഉൾപ്പെടെ ഇതുവരെ മരിച്ചത് 63 പേർ. വിഷമദ്യ ദുരന്തം ചോദ്യോത്തര വേള മാറ്റിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും സഭയിൽ ബഹളം വച്ചു. നാല് ദിവസമായി ചട്ടവിരുദ്ധമായി പ്രവർത്തിയ്ക്കുന്നുവെന്ന് കാണിച്ച് പ്രതിപക്ഷ അംഗങ്ങളെ സ്പീക്കർ സസ്പെൻഡു ചെയ്തു. 29ന് സഭ അവസാനിയ്ക്കുന്നത് വരെയാണ് സസ്പെൻഷൻ.
കേസ് സിബിഐയ്ക്ക് വിടണമെന്ന ഹർജികൾ പരിഗണിയ്ക്കുന്നത് മദ്രാസ് ഹൈക്കോടതി ജൂലൈ മൂന്നിലേയ്ക്ക് മാറ്റി. ദേശീയ വനിതാ കമ്മിഷൻ അംഗം ഖുഷ്ബു കള്ളക്കുറിച്ചിയിലെത്തി ഇന്ന് വിവരങ്ങൾ ശേഖരിച്ചു.
സഭയിൽ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും രണ്ട് നീതിയാണെന്ന് പ്രതിപക്ഷ നേതാവ് എടപ്പാടി പഴനിസാമി പറഞ്ഞു. നാളെ നിരാഹാര സമരം നടത്തുമെന്ന് അണ്ണാ ഡിഎംകെ അറിയിച്ചു. സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഇന്നലെ സ്വമേധയാ കേസെടുത്തിരുന്നു.
കേസിന്റെ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ച് സി.ഐ.ഡിക്ക് കൈമാറി തമിഴ്നാട് സർക്കാർ ഉത്തരവിട്ടിരുന്നു. ദുരന്തത്തെ കുറിച്ച് അന്വേഷിക്കുന്നതിന് റിട്ട. ജസ്റ്റീസ് പി. ഗോകുൽദാസിന്റെ നേതൃത്വത്തിൽ ഏകാംഗ ജുഡീഷ്യൽ കമീഷനെയും നിയമിച്ചിട്ടുണ്ട്.
വിഷമദ്യം വാറ്റി വിൽപന നടത്തിയ കേസിൽ മുഖ്യപ്രതി ചിന്നദുരൈ, ഗോവിന്ദരാജ് എന്ന കണ്ണുക്കുട്ടി (49), ഭാര്യ വിജയ, സഹായി ദാമോദരൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.