സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ക്ക് ദര്‍വേഷ് സാഹിബിന്‍റെ സേവനകാലാവധി നീട്ടി. ഒരു വർഷത്തേക്ക് കൂടിയാണ് കാലാവധി നീട്ടിയത്. ഇതോടെ 2025 ജൂണ്‍ വരെ അദ്ദേഹത്തിന് സർവീസിൽ തുടരാനാകും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 2023 ജൂലൈ ഒന്ന് മുതല്‍ രണ്ട് വര്‍ഷത്തേക്കായിരുന്നു ഷെയ്ക്ക് ദര്‍വേഷ് സാഹിബ് ചുമതലയേറ്റത്. അടുത്ത മാസം 31ന് വിരമിക്കാനിരിക്കെയാണ് മന്ത്രിസഭാ യോഗത്തില്‍ കാലാവധി നീട്ടി നല്‍കാൻ തീരുമാനിച്ചത്. നിലവിലുള്ള സുപ്രീം കോടതി ഉത്തരവ് കണക്കിലെടുത്താണ് തീരുമാനം.
ആന്ധ്രാപ്രദേശ് സ്വദേശിയായ ഷെയ്ക്ക് ദര്‍വേഷ് സാഹിബ് 1990 ബാച്ചിലെ ഐപിഎസ് ഓഫീസറാണ്. കേരള കേഡറില്‍ എഎസ്പിയായി നെടുമങ്ങാട് സര്‍വ്വീസ് ആരംഭിച്ചു. എഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചശേഷം പൊലീസ് ആസ്ഥാനം, വിജിലന്‍സ്, ക്രൈംബ്രാഞ്ച്, ഉത്തരമേഖല, ക്രമസമാധാനം എന്നീ വിഭാഗങ്ങളിലും കേരള പൊലീസ് അക്കാദമി ഡയറക്ടര്‍, ജയില്‍ മേധാവി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. പൊലീസ് മേധാവിയാകുന്നതിനു മുൻപ് ഫയര്‍ ആന്‍റ് റെസ്ക്യൂ വിഭാഗം ഡയറക്ടര്‍ ജനറലായിരുന്നു.