മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മഞ്ജിമ മോഹൻ. ബാലതാരമായി മലയാള സിനിമയിൽ എത്തിയ മഞ്ചിമയോട് മലയാളികൾക്ക് എന്നും ഒരു പ്രത്യേക വാത്സല്യമാണ്. തമിഴ് നടൻ ഗൗതം കാർത്തിക്കും മഞ്ചിമയും തമ്മിലുള്ള വിവാഹം ആരാധക ശ്രദ്ധ നേടിയതാണ്. വലിയ ആർഭാടങ്ങളൊന്നുമില്ലാതെ ലളിതമായാണ് താരങ്ങളുടെ വിവാഹം നടന്നത്. പൊതുവെ സ്വകാര്യ ജീവിതം ലൈം ലൈറ്റിൽ ചർച്ചയാക്കാൻ ഇഷ്ടമല്ലാത്ത നടിയാണ് മഞ്ജിമ. വല്ലപ്പോഴുമേ ഗൗതം കാർത്തിക്കിനൊപ്പമുള്ള ഫോട്ടോ മഞ്ജിമ പങ്കുവെക്കാറുള്ളൂ. ഇപ്പോഴിതാ പ്രണയ കാലത്തെക്കുറിച്ചും വിവാഹ ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ് മഞ്ജിമ മോഹൻ.
പ്രതിസന്ധി ഘട്ടങ്ങളിൽ പരസ്പരം താങ്ങായതിനെക്കുറിച്ച് മഞ്ജിമ സംസാരിച്ചു. ഗലാട്ട തമിഴിനോടാണ് പ്രതികരണം. അന്ന് ഞങ്ങൾ സുഹൃത്തുക്കളാണ്, റിലേഷൻഷിപ്പിലായിട്ടില്ല. ഒരു ദിവസം ഗൗതം വന്ന് എന്റെ അക്കൗണ്ടിൽ ഇത്ര പൈസയേ ഉള്ളൂ എന്ന് പറഞ്ഞു. അമ്മയും ഗൗതമിനൊപ്പമാണ് താമസിച്ചിരുന്നത്. അവരോട് പറഞ്ഞാൽ അവർ വിഷമിക്കും. എന്തുചെയ്യുമെന്നറിയാതെ ഗൗതം നിന്നപ്പോൾ താൻ സമാധാനിപ്പിച്ചെന്ന് മഞ്ജിമ പറയുന്നു. അന്ന് ഞാൻ ഗൗതമിനെ ജഡ‍്ജ് ചെയ്തില്ല. പണമില്ലെന്ന് കരുതി ആശങ്കപ്പെടുത്തിയില്ല. പത്ത് ദിവസത്തിനുള്ളിൽ എല്ലാം ശരിയാകുമെന്ന് പറഞ്ഞു. പത്ത് ദിവസത്തിനുള്ളിൽ എല്ലാം ശരിയായി. സിനിമാ രംഗത്ത് എല്ലാവരും ഇത്തരം ഘട്ടങ്ങളിലൂടെ കടന്ന് പോകും. ചിലർ തുറന്ന് സംസാരിക്കും. ചിലർ സംസാരിക്കില്ല. സംവിധായകർക്കും നിർമാതാക്കൾക്കും അഭിനേതാക്കൾക്കും ഇത്തരം പ്രതിസന്ധി ഘട്ടങ്ങൾ ഉണ്ടാകും. അവരെല്ലാം ഈ രംഗത്ത് തുടരുന്നത് സിനിമയോടുള്ള സ്നേഹം കൊണ്ടാണ്.
ഈ കരിയറാണോ ഇഷ്ടമെന്ന് ഗൗതമിനോട് ഞാൻ ചോദിച്ചു. അതെയെന്ന് പറഞ്ഞപ്പോൾ ഇത്തരം കാര്യങ്ങൾ അഭിമുഖീകരിക്കേണ്ടതുണ്ടെന്ന് താൻ ഗൗതമിനെ പറഞ്ഞ് മനസിലാക്കിയെന്നും മഞ്ജിമ മോഹൻ വ്യക്തമാക്കി. പണത്തിന്റെ കാര്യത്തിൽ എനിക്കാണ് ശ്രദ്ധ. ഗൗതമിന് ഇപ്പോഴും കളിപ്പാട്ടങ്ങൾ ഇഷ്ടമാണ്. ആനിമേറ്റഡ് കളിപ്പാട്ടങ്ങൾ വാങ്ങും. ഇതിന് വേണ്ടി പണം ചെലവഴിക്കുന്നതിൽ തനിക്ക് പ്രശ്നമുണ്ട്. പക്ഷെ ഗൗതമിന്റെ സാമ്പത്തിക കാര്യങ്ങൾ താൻ നിയന്ത്രിക്കാറില്ല. പക്ഷെ പറയും. എന്താണ് നിങ്ങൾക്ക് വേണ്ടെതെന്നും എന്താണ് യഥാർത്ഥത്തിൽ ആവശ്യമെന്നും മനസിലാക്കാൻ ഞാൻ പറയും. ഇത്തരം കാര്യങ്ങളിലെ ശ്രദ്ധ തന്നെ പഠിപ്പിച്ച് തന്നത് മാതാപിതാക്കളാണെന്നും മഞ്ജിമ മോഹൻ വ്യക്തമാക്കി. ഗൗതമുമായി സൗഹൃദത്തിലായിരുന്ന സമയത്ത് നടന് സാമ്പത്തിക ബുദ്ധിമുട്ട് വന്നപ്പോൾ താൻ സഹായിച്ചിട്ടുണ്ടെന്നും മഞ്ജിമ പറയുന്നു.
കൊവിഡ് സമയത്തും ഞാൻ സഹായിച്ചിട്ടുണ്ട്. പിന്നീട് താൻ ആറ് മാസത്തോളം വർക്ക് ചെയ്യാതെ വീട്ടിലിരുന്നപ്പോൾ തന്റെ സാമ്പത്തിക ആവശ്യങ്ങൾ ഗൗതം നോക്കിയെന്നും മഞ്ജിമ പറയുന്നു.എല്ലാത്തിലും സമൂഹത്തിന്റെ സമ്മർദ്ദം ഉണ്ടാകും. കല്യാണം കഴിഞ്ഞയുടനെ കുഞ്ഞിനെക്കുറിച്ചുള്ള സംസാരം തുടങ്ങും. കല്യാണം കഴിഞ്ഞ് അടുത്ത ദിവസം മുതൽ ഇത് കേൾക്കാൻ തുടങ്ങി. അതെന്നെ അലോസരപ്പെടുത്തി. ഇതൊന്നും സമൂഹം സമ്മർദ്ദം ചെലുത്തേണ്ട കാര്യമല്ല. ഒരു സ്ത്രീയെന്ന നിലയിൽ നമ്മൾ തയ്യാറാകണം. ഒരു കുഞ്ഞിന് ജന്മം നൽകൂ എന്ന് പറയാൻ എളുപ്പമാണ്. പക്ഷെ സ്ത്രീയുടെ കാര്യമോ. അവൾ മാനസികമായും ശാരീരികമായും അതിന് തയ്യാറാണോ. ഇതിനപ്പുറം മറ്റ് സോഷ്യൽ പ്രഷറുകളെ താൻ ഗൗനിക്കാറേയില്ലെന്ന് മഞ്ജിമ പറയുന്നു.