ലോകത്തു മറ്റെവിടെയും കാണാത്ത തരത്തിലുള്ള മൃഗങ്ങളാലും പക്ഷികളാലും സമ്പന്നമാണ് സുലവെസിയിലെ കാടുകൾ. സമാനമായ അദ്ഭുതമായാണ് ഗവേഷകർ ബാഡ താഴ്‍വരയിലെ ശിൽപങ്ങളെ കാണുന്നത് . ലോകത്തിൽ ഏറ്റവുമധികം പുരാവസ്‌തു ഗവേഷകരെ അമ്പരപ്പിച്ച ഇടമാണ് ബാഡ താഴ്വരയും ഇവിടത്തെ ശില്പങ്ങളും. ഇന്തോനേഷ്യയിലെ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും വ്യത്യസ്തമായ ജൈവവൈവിദ്ധ്യം കാത്തുസംരക്ഷിക്കുന്ന സുലവെസിയിലാണ് ബാഡ താഴ്വര സ്ഥിതി ചെയ്യുന്നത്.
ബാഡ താഴ്‍വരയിൽ പലയിടത്തും കൽപ്രതിമകൾ കാണാം. ചിലതിന് ഏതാനും ഇഞ്ച് മാത്രം ഉയരം. മറ്റു ചിലതിന് രണ്ടു മനുഷ്യരുടെ ഉയരവും. പാറകളിൽ തീർത്ത മനുഷ്യ രൂപങ്ങൾ മാത്രമല്ല മൃഗരൂപങ്ങളും ഏറെയുണ്ട്. നമ്മുടെ നാട്ടിലെ ഉരലിനു സമാനമായ ശില്‍പങ്ങളും കാണാം. മനുഷ്യര്‍ക്ക് അതിജീവിക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും സസ്യജൈവവൈവിധ്യത്താല്‍ സമ്പുഷ്ടമാണ് ഈ പ്രദേശം.
1908 ആണ് ബാഡാ താഴ്വരയിലെ അത്ഭുത ലോകം ശാസ്ത്രം കണ്ടെത്തുന്നത്. ശില്പങ്ങളിലെ വ്യത്യസ്തത ഇവിടെ എടുത്തു പറയേണ്ടതാണ്. പാറകളിൽ അത്ഭുതകരമായ രീതികളിലാണ് ഇവ കൊത്തിയിരിക്കുന്നത്. ആയിരം മുതൽ അയ്യായിരം വർഷം വരെ പഴക്കമുണ്ട് ഇവിടുത്തെ കൽശില്പങ്ങൾക്ക് എന്നാണ് ശാസ്ത്രീയ പഠനങ്ങളിൽ കണ്ടെത്തിയിരിക്കുന്നത്. കണ്ടെത്തിയിട്ട് ഒരു നൂറ്റാണ്ടു കഴിഞ്ഞെങ്കിലും ഇതിനു പിന്നിലെ രഹസ്യങ്ങൾ ഇനിയും കണ്ടെത്തുവാനായിട്ടില്ല. ശിൽപങ്ങളുടെ പരിസരത്ത് ഇന്നേവരെ അത്തരമൊരു സംസ്കാരം നിലനിന്നിരുന്നു എന്നതിന്റെ യാതൊരു സൂചനയും ലഭിച്ചിട്ടില്ല. താമസസ്ഥലങ്ങളുടെ അവശിഷ്ടങ്ങളോ ശവകുടീരങ്ങളോ പോലും കണ്ടെത്താനായിട്ടില്ല. പ്രദേശത്തൊന്നും മനുഷ്യവാസത്തിന്റെ ലക്ഷണമുണ്ടായിരുന്നില്ലെന്നു ചുരുക്കം. ചിലർ വന്ന് ബാഡ താഴ്‌വരയിലുണ്ടായിരുന്ന പാറകളിൽ കരകൗശല പ്രയോഗം നടത്തി തിരികെ പോയി എന്നും കരുതാനാകില്ല. കാരണം സുലവെസിയുടെ പരിസരത്തൊന്നും കാണാത്ത തരം ശിലയാണ് പ്രതിമകളുടെ നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
കൂറ്റൻ പാറകൾ കൊത്തിയുണ്ടാക്കിയതാണ് കലംബ എന്നറിയപ്പെടുന്ന ശില്‍പങ്ങൾ. രാജാക്കന്മാർ ബാത്ത് ടബായി ഉപയോഗിച്ചിരുന്നതാണ് ഇതെന്നു കരുതുന്നവരുണ്ട്. പക്ഷേ പാറകൊണ്ടുള്ള മൂടി ഉള്ളതിനാൽ ആ നിഗമനത്തിന് ശക്തി പോരാ. വെള്ളം ശേഖരിക്കാനുപയോഗിച്ചിരുന്നതോ ചിലപ്പോൾ ശവകുടീരമോ പോലുമാകാം കലംബകളെന്നും ഗവേഷകർ പറയുന്നു. വലിയ തലയും ഒരുടലുമാണ് ഇവിടുത്തെ മനുഷ്യരൂപങ്ങൾക്കുള്ളത്. ഇവിടുത്തെ മനുഷ്യ രൂപങ്ങളൾക്ക് കാലുകളില്ല. കലാപരമായ വലിയ പരീക്ഷണങ്ങളൊന്നും മുഖത്തും ദേഹത്തും കാണുവാൻ കഴിയില്ല. ശരീരത്തേക്കാൾ വലിപ്പത്തിലാണ് മുഖം നിർമ്മിച്ചിട്ടുള്ളത്.എങ്ങനെ ഈ ശില്പങ്ങൾ ഇവിടെയെത്തിയെന്നോ ആരാണ് നിർമ്മിച്ചതെന്നോ, എന്താണ് ഇതിനു പിന്നിലെ വിഷയമെന്നോ ഒന്നും ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
‘മെഗാലിത്തുകൾ’ എന്ന് ഗവേഷകർ വിശേഷിപ്പിക്കുന്ന ഈ ഭീമൻ പ്രതിമകൾക്കു സ്വയം ചലിക്കാനാകുമെന്നു വരെ പ്രദേശവാസികൾ പറഞ്ഞുപരത്തുന്നു . ഏതു സംസ്കാരത്തിന്റെ ഭാഗമായി തയാറാക്കിയതാണു ശിൽപങ്ങളെന്ന് അറിയില്ലെങ്കിലും പ്രദേശവാസികൾ ഇവയെ പരിശുദ്ധമായാണു കരുതുന്നത്. ഓരോ ശിൽപങ്ങളുമായി ബന്ധപ്പെടുത്തി അവർ കഥകളും ചമച്ചിട്ടുണ്ട്.ദുഷ്ടശക്തികളെ ഓടിപ്പിക്കാൻ വേണ്ടി നിർമിച്ചതാണ് ഈ പ്രതിമകളെന്നും ഇവയ്ക്കു പ്രത്യേക ശക്തിയുണ്ടെന്നും കരുതുന്നവരും ഏറെ. മനുഷ്യബലിയുമായും ഇവയ്ക്കു ബന്ധമുണ്ടെന്നു വിശ്വസിക്കുന്നവരുണ്ട്. ഈ ശിൽപങ്ങൾക്ക് പിന്നിലെ നിഗൂഢതയുടെ ചുരുളഴിക്കാൻ നിരവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ആ സത്യം ഇന്നും അജ്ഞാതമായി തന്നെ തുടരുകയാണ്.