തിരുവനന്തപുരം: കേരളബാങ്കിന്റെ റേറ്റിങ് റിസർവ് ബാങ്ക് ‘ബി’യിൽനിന്ന് ‘സി’യിലേക്ക് മാറ്റിയത് സ്ഥാപനത്തിന്റെ പ്രവർത്തനത്തെ ബാധിക്കില്ലെന്ന് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കൽ, സി.ഇ.ഒ ജോർട്ടി എം. ചാക്കോ എന്നിവർ അറിയിച്ചു. സഹകരണ ബാങ്കുകളുടെ സൂപ്പർവൈസർ എന്ന നിലയിൽ നബാർഡ് എല്ലാ വർഷവും കേരള ബാങ്കിൽ പരിശോധന നടത്താറുണ്ട്. സാധാരണ നടപടിക്രമം മാത്രമാണിത്.
2022-23 സാമ്പത്തിക വർഷത്തെ പരിശോധനയെതുടർന്ന് നടത്തിയ റേറ്റിങ്ങിലാണ് റേറ്റിങ് ‘ബി’-യിൽനിന്ന് ‘സി’ ആക്കി മാറ്റിയത്. ഇതിലൂടെ ബാങ്ക് അനുവദിക്കുന്ന വ്യക്തിഗത വായ്പകൾ, മോർട്ട്ഗേജ് വായ്പകൾ എന്നിവയുടെ പരമാവധി പരിധി 40 ലക്ഷം രൂപയിൽനിന്ന് 25 ലക്ഷം രൂപയായി കുറയുക മാത്രമാണ് ചെയ്തത്.
ബാങ്ക് 48,000 കോടി രൂപയുടെ വായ്പയുണ്ട്. ഇതിൽ ഏകദേശം മൂന്നു ശതമാനം വായ്പകൾ മാത്രമാണ് വ്യക്തിഗത വായ്പകൾ, മോർട്ട്ഗേജ് വായ്പകൾ എന്നിവ. അതിനാൽ ബാങ്കിന്റെ നിക്ഷേപത്തെയോ, പ്രധാന വായ്പകളായ കാർഷിക വായ്പ, അംഗ സംഘങ്ങൾക്കുള്ള വായ്പ, ചെറുകിട സംരംഭ വായ്പ, ഭവന വായ്പ എന്നിവയെ ബാധിക്കില്ലെന്നും വാർത്തക്കുറിപ്പിൽ അറിയിച്ചു.
2023-24 സാമ്പത്തിക വർഷം കേരള ബാങ്ക് 209 കോടി രൂപയുടെ അറ്റ ലാഭം നേടിയതായി ബാങ്ക് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന വ്യക്തമാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അറ്റലാഭം 20.5 കോടി രൂപയായിരുന്നു. രൂപീകരണ ശേഷമുള്ള 5 സാമ്പത്തിക വർഷങ്ങളിലും ബാങ്ക് ലാഭം നേടിയെന്നും നിക്ഷേപത്തിലും വായ്പയിലും മൊത്തം ബിസിനസ്സിലും ക്രമാനുഗതമായ വളർച്ചയുണ്ടായെന്നും ബാങ്കിന്റെ പ്രസ്താവനയിൽ വിശദീകരിക്കുന്നു. 2020 മാർച്ച് 31-ലെ 101194 കോടി രൂപയായിരുന്ന മൊത്തം ബിസിനസ് 2024 മാർച്ച് 31ലെ കണക്കുകൾ പ്രകാരം 1,16,582 കോടി രൂപയായി ഉയരുകയും ചെയ്തു.
2023-24 സാമ്പത്തിക വർഷം പുതുതായി 19,601 കോടി രൂപയുടെ വായ്പകളാണ് കേരള ബാങ്ക് അനുവദിച്ചത്. ഇതിൽ കാർഷിക മേഖലയിൽ 99200 വായ്പകളും, ചെറുകിട സംരംഭ മേഖലയിൽ 85000ൽ അധികം വായ്പകളും ഇക്കാലയളവിൽ ബാങ്ക് നൽകിയിട്ടുണ്ട്. പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്ക് 10,335 കോടി രൂപയുടെ വായ്പ അനുവദിച്ചു. ബാങ്കിന്റെ മൊത്തം വായ്പയിൽ 21 ശതമാനമാണിത്. ഈ സാമ്പത്തിക വർഷം കാർഷിക മേഖലയുമായി ബന്ധപ്പെട്ടുള്ള വായ്പാ വിതരണത്തിന് ഊന്നൽ നൽകുമെന്നും കാർഷിക മേഖലാ വായ്പയുടെ നിൽപ്പുബാക്കി ബാങ്കിന്റെ മൊത്തം വായ്പയുടെ 30 ശതമാനത്തിലേക്ക് ഉയർത്തുമെന്നും അറിയിച്ചിട്ടുണ്ട്.