Crime

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്‌കൂളില്‍നിന്നും കൂട്ടിക്കൊണ്ടു പോയി പലതവണ പീഡിപ്പിച്ചു; പ്രതിക്ക് 75 വര്‍ഷം തടവ്

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 75 വര്‍ഷം കഠിന തടവും 10,5000 രൂപ പിഴയും ശിക്ഷ. ചേലക്കര കോളത്തൂര്‍ അവിന വീട്ടുപറമ്പില്‍ മുഹമ്മദ് ഹാഷിമിനെ (40) യാണ് വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്‌സോ കോടതി ജഡ്ജി മിനി ആര്‍. ശിക്ഷിച്ചത്.

2021 നവംബര്‍ മാസത്തിലാണ് സംഭവം. 12 വയസ് പ്രായമുള്ള പെണ്‍കുട്ടിയെ മാതാപിതാക്കളറിയാതെ മുഹമ്മദ് ഹാഷിം പലതവണ സ്‌കൂളില്‍നിന്നും കൂട്ടിക്കൊണ്ടു പോവുകയും ഒന്നിലധികം തവണ ബന്ധുവീടുകളില്‍വച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.

പിഴത്തുക അടയ്ക്കാത്ത പക്ഷം 20 മാസം അധിക കഠിനതടവ് അനുഭവിക്കണം. പിഴത്തുക അടയ്ക്കുന്നപക്ഷം അത് കേസിലെ ഇരയ്ക്ക് നല്‍കാനും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് ശുപാര്‍ശ ചെയ്തു.