ഗില്ലിയുടെ റീ റിലീസിന് ശേഷം വിജയിയുടെ റീ റിലീസിനായി തയ്യാറെടുക്കുന്ന ചിത്രമാണ് മാസ്റ്റര്‍. എന്നാല്‍ ഗില്ലി റീ റിലീസ് ചെയ്തതുപോലെയല്ല, ഈ ചിത്രത്തിന്റെ റീ റിലീസിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. എന്താണെന്നോ, ചിത്രം റീലീസ് ചെയ്യുന്നത് കേരളത്തിലോ തമിഴ്നാട്ടിലോ ഇന്ത്യയില്‍ ഏതെങ്കിലുമൊരു സംസ്ഥാനത്തോ അല്ല. മറിച്ച് അങ്ങ് യൂറോപ്പിലാണ്. സംഭവം പുറത്തുവന്നതോടെ യൂറോപ്പിലുള്ള പ്രവാസികള്‍ വലിയ ആഹ്ലാദത്തിലാണ്.
മാസ്റ്ററിന്റെ വിതരണ പങ്കാളികളായ ഹംസിനി എന്റര്ടെയ്ന്മെന്റാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. റീ റിലീസ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അറിയിക്കുമെന്നും അവര്‍ വ്യക്തമാക്കുന്നുണ്ട്. വിജയ്ക്ക് പുറമെ വിജയ് സേതുപതി, മാളവിക മോഹനന്, ആന്‍ഡ്രിയ ജെര്‍മിയാഹ്, അര്ജ്ജുന് ദാസ്, ശാന്തനു ഭാഗ്യരാജ്, നാസ്സര്‍ തുടങ്ങിയവര്‍ സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. സേവിയര്‍ ബ്രിട്ടോയാണ് മാസ്റ്റര്‍ നിര്‍മ്മിച്ചത്. തമിഴിന് പുറമെ തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്ത സിനിമ ആഗോളതലത്തില്‍ 250 കോടിയിലധികം രൂപ കളക്ഷന്‍ നേടിയിരുന്നു.
സിനിമയില്‍ അത്ര സജീവമല്ലാതിരിക്കുകയാണ് ഇപ്പോള്‍ വിജയ്. എന്നാല്‍ റിലീസിന് ഒരുങ്ങുന്ന നിരവധി ചിത്രങ്ങളും താരത്തിന് ഉണ്ട്. രാഷ്ട്രീയത്തില്‍ സജീവമായതുകൊണ്ട് തന്നെ ഇനി താരം സിനിമയില്‍ എത്ര സജീവമാകാന്‍ തീരുമാനിച്ചിട്ടില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വര്‍ഷത്തില്‍ ഒരു സിനിമയെങ്കിലും ചെയ്ത് ആരാധകരെ സംതൃപ്തരാക്കണമെന്നാണ് താരത്തോടെ ആരാധകരുടെ അഭ്യര്‍ത്ഥന.