United States

പ്രായപൂര്‍ത്തി ആകാത്ത കുട്ടിയെ നിര്‍ബന്ധിച്ച് ജോലി ചെയ്യിപ്പിച്ചു; വിര്‍ജീനിയന്‍ ദമ്പതികള്‍ക്ക് ശിക്ഷ വിധിച്ച് യു എസ് കോടതി

പ്രായപൂര്‍ത്തി ആകാത്ത കുട്ടിയെ നിര്‍ബന്ധിച്ച് ജോലി ചെയ്യിപ്പിച്ച ദമ്പതികള്‍ക്ക് യു എസ് കോടതി ശിക്ഷ വിധിച്ചു. വിര്‍ജീനിയയില്‍ നിന്നുള്ള ഇന്ത്യന്‍-അമേരിക്കന്‍ ദമ്പതികള്‍ക്കാണ് ശിക്ഷ വിധിച്ചത്. സ്‌കൂളില്‍ ചേര്‍ക്കാം എന്ന വാഗ്ദാനം നല്‍കിയാണ് ഇരുവരും ചേര്‍ന്ന് കുട്ടിയെ യു എസില്‍ എത്തിച്ചത്. 2018 മുതല്‍ 2021 വരെ ഇരുവരും ചേര്‍ന്ന് കുട്ടിയെ ചൂഷണം ചെയ്യുകയായിരുന്നു.

31 കാരനായ ഹര്‍മന്‍പ്രീത് സിംഗിന് 11.25 വര്‍ഷം തടവും 43 കാരിയായ കുല്‍ബീര്‍ കൗറിന് 7.25 വര്‍ഷവുമാണ് ശിക്ഷ. ദമ്പതികള്‍ കുട്ടിക്ക് 225,210 ഡോളര്‍ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. യുഎസില്‍, നിര്‍ബന്ധിത തൊഴില്‍ കുറ്റത്തിന് പരമാവധി 20 വര്‍ഷം തടവ് ശിക്ഷ ലഭിക്കും. ദമ്പതികള്‍ ബന്ധുവായ കുട്ടിയെ ഇന്ത്യയില്‍ നിന്ന് കൊണ്ടുവന്നതിന് ശേഷം ഇമിഗ്രേഷന്‍ രേഖകള്‍ കൈക്കലാക്കുകയും നോര്‍ത്ത് ചെസ്റ്റര്‍ഫീല്‍ഡിലെ ഗ്യാസ് സ്റ്റേഷനിലും കണ്‍വീനിയന്‍സ് സ്റ്റോറിലും ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. കൂടാതെ ബന്ധുവിനെ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കാം എന്ന് പറഞ്ഞാണ് യുഎസില്‍ എത്തിച്ചത്. എന്നാല്‍ യുഎസില്‍ എത്തിച്ച ശേഷം അവര്‍ കുട്ടിയുടെ രേഖകള്‍ പിടിച്ചു വയ്ക്കുകയായിരുന്നു. എല്ലാ ദിവസവും 12 മുതല്‍ 17 മണിക്കൂര്‍ വരെ കുട്ടിയെക്കൊണ്ട് ജോലി ചെയ്യിപ്പിച്ചിരുന്നതായി കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍് പറയുന്നു. കൂടാതെ സ്‌കൂളില്‍ പോകാനുള്ള കുട്ടിയുടെ ആഗ്രഹത്തെ ദമ്പതികള്‍ ചൂഷണം ചെയ്തു എന്നും രേഖകളില്‍ പറയുന്നു. ഇന്ത്യക്കാരെ നിര്‍ബന്ധിത ജോലിക്ക് വിധേയരാക്കുന്നതുമായി ബന്ധപ്പെട്ട മറ്റൊരു വലിയ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് കേസിലെ ശിക്ഷ. കഴിഞ്ഞയാഴ്ച, സ്വിറ്റ്‌സര്‍ലന്‍ഡിലെ വില്ലയില്‍ വീട്ടുജോലിക്കാരെ ചൂഷണം ചെയ്തതിന് 79 കാരനായ ഇന്ത്യന്‍-ബ്രിട്ടീഷ് വ്യവസായി പ്രകാശ് ഹിന്ദുജയ്ക്കും അദ്ദേഹത്തിന്റെ കുടുംബത്തിലെ മൂന്ന് അംഗങ്ങള്‍ക്കും സ്വിസ് കോടതി നാല് വര്‍ഷത്തെ തടവ് വിധിച്ചിരുന്നു.

 

 

 

Latest News