ന്യൂഡൽഹി: ലോകരാഷ്ട്രീയവും ഇന്ത്യൻ രാഷ്ട്രീയവും അതിസങ്കീർണമായ കാലത്ത് രാജ്യത്തിന്റെ നയതന്ത്രം വിജയകരമായി കൈകാര്യം ചെയ്ത ഇന്ത്യയുടെ മുൻ വിദേശകാര്യ സെക്രട്ടറി മുച്കുന്ദ് ദുബെ (90) അന്തരിച്ചു. ഹൃദ്രോഗത്തെത്തുടർന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം. അന്ത്യം ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. സംസ്കാരം ഇന്നു വൈകുന്നേരം ലോധി റോഡ് ശ്മശാനത്തിൽ.
1933 ൽ അവിഭക്ത ബിഹാറിൽ ജനിച്ച ദുബെ സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയശേഷം ഓക്സ്ഫഡ്, ന്യൂയോർക്ക് യൂണിവേഴ്സിറ്റികളിൽ ഉപരിപഠനം നടത്തി. ഇന്ത്യൻ ഹൈക്കമ്മിഷണറായി ബംഗ്ലദേശിലും യുഎന്നിന്റെ സ്ഥിരം പ്രതിനിധിയായി ജനീവയിലും സേവനമനുഷ്ഠിച്ചു. 1990 ൽ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിയായ അദ്ദേഹം യുനെസ്കോ എക്സിക്യൂട്ടീവ് ബോർഡ് അംഗം, ബിഹാറിലെ കോമൺ സ്കൂൾ സിസ്റ്റം കമ്മിഷൻ ചെയർമാൻ, സിക്കിമിലെ പ്ലാനിങ് കമ്മിഷൻ ഡപ്യൂട്ടി ചെയർമാൻ തുടങ്ങിയ തസ്തികകളിലും സേവനമനുഷ്ഠിച്ചു.
വിരമിച്ചശേഷം ജെഎൻയുവിൽ പ്രഫസറായി ചേർന്ന അദ്ദേഹം 8 വർഷം അവിടെ തുടർന്നു. തുടർന്ന് ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ സോഷ്യൽ ഡവലപ്മെന്റ് (സിഎസ്ഡി) എന്ന സ്ഥാപനത്തിന്റെ പ്രസിഡന്റായി 20 വർഷം പ്രവർത്തിച്ചു. ‘ഇന്ത്യാസ് ഫോറിൻ പോളിസി: കോപിങ് വിത്ത് ദ് ചെയ്ഞ്ചിങ് വേൾഡ്’ ഉൾപ്പെടെ ശ്രദ്ധേയമായ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഭാര്യയും 2 പെൺമക്കളുമുണ്ട്.