ടറൂബ: അഫ്ഗാനിസ്ഥാനെ തകർത്തെറിഞ്ഞ് ട്വന്റി20 ലോകകപ്പ് ഫൈനലിലെത്തി ദക്ഷിണാഫ്രിക്ക. ട്വന്റി 20 ലോകകപ്പിൽ അഫ്ഗാനെ ഒമ്പത് വിക്കറ്റിന് തകർത്ത് ഫൈനലിലേക്ക് മുന്നേറിയതോടെയാണ് ചരിത്രത്തിലാദ്യമായി ലോകകപ്പിൽ ദക്ഷിണാഫ്രിക്ക ഒരു കലാശക്കളി കളിക്കാനൊരുങ്ങുന്നത്. ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാൻ ഉയർത്തിയ 57 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് 8.5 ഓവറിൽ ദക്ഷിണാഫ്രിക്കയെത്തി. 29ന് രാത്രി എട്ടു മണിക്കു നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ ഇന്ത്യ– ഇംഗ്ലണ്ട് സെമിയിലെ വിജയികളെ ദക്ഷിണാഫ്രിക്ക നേരിടും.
അഫ്ഗാന് മത്സരത്തിൽ ഒരു അവസരവും നൽകാതെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ ഫൈനൽ പ്രവേശനം. ലോകകപ്പിൽ ആസ്ട്രേലിയ അടക്കമുള്ള വമ്പൻ ടീമുകൾക്കെതിരെ എടുത്ത പോരാട്ടവീര്യം ദക്ഷിണാഫ്രിക്കക്കെതിരെ പുറത്തെടുക്കാൻ അഫ്ഗാനായില്ല. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്താൻ 56 റൺസിന് ഓൾ ഔട്ടായി. മൂന്ന് വിക്കറ്റ് വീതം നേടിയ മാർക്കോ ജാൻസെനും തബ്രായിസ് ഷംസിയുമാണ് അഫ്ഗാൻ ബാറ്റിങ്നിരയുടെ നടുവൊടിച്ചത്. റബാദയും ആൻറിച്ച് നോർട്ട്ജെയും രണ്ട് വിക്കറ്റ് വീതവും നേടി.
അഫ്ഗാൻ നിരയിൽ 10 റൺസെടുത്ത അസ്മത്തുള്ള ഒമറാസിയാണ് ടോപ് സ്കോറർ. 13 റൺസ് അഫ്ഗാന് എക്സ്ട്രാസായും ലഭിച്ചു. സ്കോർബോർഡിൽ നാല് റൺസ് എത്തുമ്പോഴേക്കും അഫ്ഗാന് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. പിന്നീട് ടീമിന്റെ കൂട്ടതകർച്ചയാണ് കണ്ടത്. 11.5 ഓവറിൽ 56 റൺസിന് അഫ്ഗാൻ ഓൾ ഔട്ടായി.
മറുപടി ബാറ്റിങ്ങിൽ ആറ് റൺസ് എടുക്കുമ്പോഴേക്കും ദക്ഷിണാഫ്രിക്കക്കും ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. അഞ്ച് റൺസെടുത്ത ഡികോക്കിനെ ഫാറൂഖിയാണ് പുറത്താക്കിയത്. എന്നാൽ, പിന്നീടെത്തിയ ക്യാപ്റ്റൻ എയ്ഡൻ മർകറത്തെ കൂട്ടുപിടിച്ച് ഓപ്പണർ റീസ ഹെൻഡ്രിക്സ് കൂടുതൽ നഷ്ടങ്ങളില്ലാതെ ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചു.