Kerala

നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ അന്തരിച്ചു

കൊച്ചി: നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ സിദ്ദിഖ് (37) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഖബറടക്കം വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് പടമുകൾ ജുമാ മസ്ജിദിൽ നടക്കും.

നടൻ ഷഹീൻ സിദ്ധിഖ് സഹോദരനാണ്. ഒരു സഹോദരിയുമുണ്ട്. സാപ്പി എന്നാണ് റാഷിന്റെ വിളിപ്പേര്. കഴിഞ്ഞ നവംബറിൽ റാഷിന്റെ ജന്മദിനം കുടുംബം ആഘോഷമാക്കിയിരുന്നു. ഭിന്നശേഷിക്കാരനായ റാഷിന് കുടുംബം പ്രത്യേകം പരിചരണം നൽകിയിരുന്നു. റാഷിന്റെ മാതാവ് വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടിരുന്നു.

മകനെ പൊതു ഇടങ്ങളില്‍ സിദ്ദിഖ് കൊണ്ട് വരുകയോ മകനെക്കുറിച്ച് സംസാരിക്കുകയോ ചെയ്തിട്ടില്ല. അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമായിരുന്നു ഈ മകനെക്കുറിച്ച് അറിയുമായിരുന്നത്. ഭീന്നശേഷിക്കാരനായ മകന് സമൂഹത്തിന്റെ സഹതാപം വേണ്ടെന്ന തീരുമാനത്തെ തുടര്‍ന്ന്, തന്റെ മകന് സാധാരണ ജീവിതം നൽകാനുമായിരുന്നു താരം മകനെ എല്ലാത്തില്‍ നിന്നും മാറ്റി നിര്‍ത്തിയത്.

സിദ്ദിഖിന്റെ മൂത്ത മകന്‍ ഷഹീന്‍ അനുജനൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. റിസപ്ഷന്റെ വേദിയില്‍ വച്ചാണ് സിദ്ദിഖിന്റെ ഇളയ മകനെ പൊതു ജനം കാണുന്നത്.

വില്ലൻ കഥാപാത്രങ്ങളും സ്വഭാവിക കഥാപാത്രങ്ങളും ഒരുപോലെ അവതരിപ്പിച്ച് വേറിട്ട കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടംപിടിച്ച നടനാണ് സിദ്ദിഖ്. തന്റെ വ്യക്തിജീവിതത്തെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ സിദ്ദിഖ് അഭിമുഖങ്ങളിലും മറ്റും അധികം തുറന്ന് സംസാരിക്കാറില്ല.