ബംഗളൂരു: കന്നഡ നടി പവിത്ര ഗൗഡക്ക് ജയിലിൽ മേക്കപ്പ് ചെയ്യാൻ സൗകര്യം ഒരുക്കിയ പൊലീസ് ഓഫിസർക്ക് നോട്ടീസ്. ആരാധകനായ രേണുക സ്വാമി എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിൽ കന്നഡ നടൻ ദർശൻ തൂഗുദീപക്കൊപ്പമാണ് നടി പവിത്ര ഗൗഡയും അറസ്റ്റിലായത്. കൊലപാതകത്തിന് ദർശനെ നിർബന്ധിച്ചത് പവിത്രയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. വനിത സബ്-ഇൻസ്പെക്ടർക്കാണ് വെസ്റ്റ് ബംഗളൂരു ഡി.സി.പി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
ദർശന്റെ കടുത്ത ആരാധകനാണ് കൊല്ലപ്പെട്ട രേണുക സ്വാമി. ദർശന്റെയും ഭാര്യ വിജയലക്ഷ്മിയും ജീവിതത്തിൽ വിള്ളലുണ്ടാക്കാൻ പവിത്ര ഗൗഡ ശ്രമിക്കുകയാണെന്നാരോപിച്ച് പവിത്രയുടെ സമൂഹ മാധ്യമ അക്കൗണ്ടിൽ രേണുകസ്വാമി സന്ദേശം അയച്ചിരുന്നു. പവിത്രയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിൽ അശ്ലീല പരാമർശങ്ങൾ പോസ്റ്റ് ചെയ്തതാണ് രേണുകാസ്വാമിയെ കൊലപ്പെടുത്താൻ ദർശനെയും പവിത്രയയെയും പ്രേരിപ്പിച്ചത്. സമൂഹമാധ്യമങ്ങളിൽ യുവാവ് പോസ്റ്റ് ചെയ്ത പരാമർശങ്ങൾ പവിത്ര ദർശനെ കാണിക്കുകയും യുവാവിനെ വകവരുത്താൻ ഇയാളെ നിർബന്ധിക്കുകയുമായിരുന്നു.
തുടർന്ന് ജൂൺ 8ന് ദർശൻ ഏർപ്പെടുത്തിയ സംഘം രേണുകാസ്വാമിയെ ചിത്രദുർഗ എന്ന സ്ഥലത്ത് നിന്ന് നടനെ പരിചയപ്പെടുത്താമെന്ന് തെറ്റിദ്ധരിപ്പിച്ച് വണ്ടിയിൽ കയറ്റി. ബെംഗളൂരുവിൽ ആർആർ നഗറിലെ ഒരു ഷെഡിലെത്തിച്ച യുവാവിനെ കാണാൻ പിന്നീട് ദർശനും പവിത്രയുമെത്തി. തുടർന്നായിരുന്നു മർദനപരമ്പര. രേണുകാസ്വാമിയെ തല്ലിച്ചതയ്ക്കുന്നതിനും ഇലക്ട്രിക് ഷോക്കുകൾ നൽകുന്നതിനുമെല്ലാം ദർശനും പവിത്രയും നേതൃത്വം നൽകിയെന്നാണ് പൊലീസ് പറയുന്നത്.
ശരീരത്തിലേറ്റ മുറിവുകളിൽ നിന്ന് രക്തം വാർന്നതാണ് രേണുകാസ്വാമിയുടെ മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. യുവാവിന്റെ ജനനേന്ദ്രിയം തകർന്ന നിലയിലായിരുന്നുവെന്നും ഒരു ചെവി നഷ്ടപ്പെട്ടിരുന്നുവെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്.