Tech

റെഡ്‌മി നോട്ട് 14 ഉടൻ വിപണിയിലേക്ക്; ക്യാമറ നിരാശപ്പെടുത്തുമെന്ന് റിപ്പോർട്ടുകൾ

റെഡ്‌മി നോട്ട് 14 ഉടൻ വിപണിയിലേക്ക്. റെഡ്‌മി നോട്ട് 14, നോട്ട് 14 പ്രോ, നോട്ട് 14 പ്രോ+ എന്നിവയാണ് വരാനിരിക്കുന്ന മോഡലുകള്‍. 25,999 രൂപയിലായിരുന്നു റെഡ്‌മി നോട്ട് 13 പ്രോയുടെ വില ആരംഭിച്ചിരുന്നത്. 12 ജിബി റാം വരെയുള്ള വേരിയന്‍റുകള്‍ ആ ഫോണിലുണ്ടായിരുന്നു. റെഡ്‌മി നോട്ട് 14 സീരീസിന്‍റെ വില വിവരവും പുറത്തുവരുന്നതേയുള്ളൂ. ചാര്‍ജര്‍, റാം, ഇന്‍റേണല്‍ സ്റ്റോറേജ്, കളര്‍ വേരിയന്‍റുകള്‍ തുടങ്ങിയ വിവരങ്ങളൊന്നും അറിവായിട്ടില്ല.

റെഡ്‌മി നോട്ട് 14 പ്രോയ്‌ക്ക് 50 മെഗാ‌പിക്സല്‍ പ്രധാന ക്യാമറയായിരിക്കും ഉണ്ടാവുകയെന്നാണ് സൂചന. എന്നാല്‍ ടെലിഫോട്ടോ ലെന്‍സ് ക്യാമറയിലുണ്ടാവില്ല എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

1.5കെ റെസലൂഷനിലുള്ള ഡിസ്‌പ്ലേയോടെയാണ് റെഡ്‌മി നോട്ട് 14 സീരീസ് വരുന്നത്. മൈക്രോ കര്‍വ്‌ഡ് ഡിസ്പ്ലെ ഫോണിനുണ്ടായേക്കും. സെപ്റ്റംബറിലാണ് ഫോണ്‍ പുറത്തിറങ്ങാന്‍ സാധ്യത. സ്‌നാപ്‌ഡ്രാഗണ്‍ 7എസ് ജനറേഷന്‍ എസ്‌ഒസി പ്ലാറ്റ്ഫോമിലാണ് ഫോണ്‍ വരുന്നത്. 5000 എംഎഎച്ച് ബാറ്ററിയാണ് പ്രതീക്ഷിക്കുന്നത്. മുമ്പിറങ്ങിയ റെഡ്‌മി നോട്ട് 13 പ്രോയില്‍ 200 മെഗാപിക്‌സലിന്‍റെ പ്രൈമറി ക്യാമറയടക്കമുള്ള റിയര്‍ ക്യാമറ സെറ്റപ്പായിരുന്നു ഉണ്ടായിരുന്നത്. എട്ട് മെഗാ പിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിളില്‍ ക്യാമറയും രണ്ട് മെഗാ‌പിക്‌സര്‍ മാക്രോ ക്യാമറയുമുണ്ടായിരുന്നു. 16 മെഗാ പിക്‌സല്‍ മുന്‍ക്യാമറയും റെഡ്‌മി നോട്ട് 13 പ്രോ ഫോണിനുണ്ടായിരുന്നു. ഈ വര്‍ഷം ജനുവരിയിലാണ് നോട്ട് 13 സീരീസ് ഇന്ത്യയിലെത്തിയത്.