മലബാർ ചിക്കൻ കറി കഴിച്ചവർക്കറിയാം അതിന്റെ രുചി. ആഹാ! അല്ലേലും മലബാർ പാചക രീതിക്കും ഭക്ഷണത്തിനും ഒരു പ്രത്യേകത തന്നെയാണ്. നല്ല തേങ്ങാ പാലൊക്കെ ഒഴിച്ച് കുറുകിയ കറി പൊറോട്ടയ്ക്കും ചപ്പാത്തിയ്ക്കും നെയ്യ് ചോറിനുമൊപ്പം കിടിലനാണ്.
ആവശ്യമായ ചേരുവകൾ
- ചിക്കൻ – 500 ഗ്രാം
- സവാള – 2 എണ്ണം
- തക്കാളി – 2 എണ്ണം
- ഇഞ്ചി – 1 ചെറിയ കഷണം (അരിഞ്ഞത്)
- പച്ചമുളക് – 5 എണ്ണം (അരിഞ്ഞത്)
- നേർത്ത തേങ്ങാപ്പാൽ – 200 മില്ലി
- കട്ടിയുള്ള തേങ്ങാപ്പാൽ – 100 മില്ലി
- വെളിച്ചെണ്ണ – 8 ടീസ്പൂൺ
- കിഴക്കൻ മലബാറി കോഴിക്കറി മസാല – 2 1/2 ടീസ്പൂൺ
- മല്ലിയില – കുറച്ച്
- ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
ചിക്കൻ വെള്ളത്തിൽ കഴുകി ഇടത്തരം വലിപ്പമുള്ള കഷ്ണങ്ങളാക്കി മുറിക്കുക. ഉള്ളിയും തക്കാളിയും വൃത്തിയാക്കി അരിഞ്ഞെടുക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ ഉള്ളി ചേർത്ത് സ്വർണ്ണ നിറം വരെ വഴറ്റുക. ഇതിലേക്ക് ഇഞ്ചിയും പച്ചമുളകും ചേർക്കുക. അവയുടെ മണം മാറുന്നത് വരെ വഴറ്റുക, അരിഞ്ഞ തക്കാളി ചേർക്കുക. ചെറിയ തീയിൽ 5 മിനിറ്റ് വേവിക്കുക.
ഇതിലേക്ക് മലബാരി ചിക്കൻ മസാല ചേർത്ത് ചെറിയ തീയിൽ കുറച്ച് മിനിറ്റ് ഫ്രൈ ചെയ്യുക. നേർത്ത തേങ്ങാപ്പാലും ഉപ്പും ചേർക്കുക. തേങ്ങാപ്പാൽ തിളച്ചുവരുമ്പോൾ ചിക്കൻ കഷണങ്ങൾ ചേർത്ത് മൂടിവെച്ച് ഏകദേശം 20 മിനിറ്റ് ചെറിയ തീയിൽ ചിക്കൻ കഷണങ്ങൾ നന്നായി വേവിക്കുക. അടപ്പ് തുറന്ന് 1/2 കപ്പ് കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്ത് 3 മിനിറ്റ് വേവിക്കുക. തീ ഓഫ് ചെയ്യുക. മല്ലിയില കൊണ്ട് അലങ്കരിക്കുക. രുചികരമായ മലബാർ ചിക്കൻ കറി തയ്യാർ.