കളിയിക്കാവിളയില്‍ നടന്ന ക്വാറി ഉടമയായ ദീപുവിന്റെ കൊലപാതകത്തില്‍ ഗുണ്ടാ നേതാവ് അമ്പിളിക്കൊപ്പം സഹായിയായി മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നതായി പോലീസ്. ദീപുവിനെ സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്താണ് കൊലെപ്പെടുത്തിയതെന്ന അമ്പിളി പോലീസിനോട് സമ്മതിച്ചതായാണ് വിവരം. ഇതിന് കൂട്ടായി പാറശാല സ്വദേശി സുനില്‍ കൃത്യം നടക്കുന്ന സമയത്ത് കാറില്‍ ഉണ്ടായിരുന്നെന്നും പോലീസ് വ്യക്തമാക്കി. ഡ്രൈവിങ് സീറ്റിലായിരുന്ന ദീപുവിനെ സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചാണ് കഴുത്തില്‍ മുറിവേല്‍പ്പിച്ചാണ് കൊലപ്പെടുത്തിയത്. അതിനു മുന്‍പായി കാറില്‍ കയറിയ അമ്പിളിയുടെ സുഹൃത്ത് സുനില്‍ ക്ലോറോ ഫോം ഉപയോഗിച്ച് ദീപുവിനെ മയക്കിയിരുന്നു. പാറശാല സ്വദേശി സുനിലാണ് സര്‍ജിക്കല്‍ ബ്ലേഡും ഗ്ലൗസും അമ്പിളിക്ക് വാങ്ങി നല്‍കിയത്. കൊലപാതകത്തിനുശേഷം അമ്പിളിക്ക് ധരിക്കാന്‍ ടീ ഷര്‍ട്ടും പാന്റും വാങ്ങി നല്‍കിയത് പാറശാല സ്വദേശി സുനിലാണ്. ഇയാള്‍ക്കായുള്ള അന്വേഷണം പോലീസ് ആരംഭിച്ചു.
ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ നടത്തിയ കൊലപാതകമാണോയെന്ന് സംശയം വന്നെങ്കിലും പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. കാറില്‍നിന്നു കാണാതായതായി സംശയിക്കുന്ന 10 ലക്ഷം രൂപ സംബന്ധിച്ചും കൃത്യമായ വിവരമില്ല. സ്ഥിരമായി കൂടെ യാത്ര ചെയ്യുന്ന ക്രഷര്‍ മാനേജര്‍ അനില്‍കുമാറിനെ ഈ യാത്രയില്‍ ഒപ്പം കൂട്ടിയതുമില്ല, പകരം അമ്പിളിയെ 10 ലക്ഷം രൂപയുമായുള്ള യാത്രയില്‍ എന്തിന് ദീപു കൂടെക്കൂട്ടി എന്നതില്‍ പോലീസിനു വ്യക്തതയില്ല. ദീപുവിനെ കൊലപ്പെടുത്തി കഴിഞ്ഞാല്‍ കാറുമായി വന്ന് കൂട്ടാമെന്ന് സുനില്‍ ഉറപ്പ് നല്‍കിയെങ്കിലും പിന്നീട് വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു എന്നാണ് അമ്പിളിയുടെ മൊഴി. തുടര്‍ന്ന് കാറില്‍ നിന്ന് ഇറങ്ങിയ അമ്പിളി കുഴിത്തുറയിലെ ഒരു കടയില്‍ പോയി ഓട്ടോറിക്ഷ പിടിക്കാന്‍ സഹായം തേടി. എന്നാല്‍ അത് ലഭിച്ചില്ല. ഇതോടെ ഇയാള്‍ നടന്ന് ബസ് സ്റ്റാന്റില്‍ പോയി തമിഴ്‌നാട് ബസില്‍ തിരുവനന്തപുരത്തേക്ക വന്ന പ്രതി നേരെ വീട്ടിലേക്ക് പോയി. ഇവിടെ പണം വച്ച ശേഷം ധരിച്ചിരുന്ന വസ്ത്രം ഊരിയെടുത്ത് കത്തിച്ചുകളഞ്ഞു. ബാഗില്‍ നിന്ന് പണം മാറ്റിയ ശേഷം ബാഗും കത്തിയും വീടിനടുത്തുള്ള പുഴയില്‍ വലിച്ചെറിഞ്ഞെന്നും അമ്പിളി പറഞ്ഞു. കരള്‍ രോഗവും മറ്റ് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുമുള്ള അമ്പിളിക്ക് ഒറ്റയ്ക്ക് കൊലപാതകം നടത്താനാകുമോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ദീപുവിന്റെ കാര്‍ ബോണറ്റ് ഉയര്‍ത്തി ഇന്‍ഡിക്കേറ്ററുകളെല്ലാം ഓണാക്കിയ നിലയിലായിരുന്നു. വാഹനം ഓടിക്കാനറിയാത്ത അമ്പിളിക്ക് ഇതൊക്കെ ഒറ്റയ്ക്കു ചെയ്യാനാകുമോയെന്ന് പൊലീസിനു സംശയമുണ്ട്. രണ്ടു കൊലക്കേസുകളില്‍ പ്രതിയാണ് അമ്പിളി. എന്നാല്‍ ആറു വര്‍ഷമായി കേസുകളില്ല. ദീപുവിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് അമ്പിളിയുടെ ഭാര്യയെയും പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഇവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിലും ചില വൈരുധ്യങ്ങള്‍ ഉണ്ടെന്നാണ് വിവരം. അമ്പിളിയുടെ വീടായ മലയത്തും കാറില്‍ കയറിയ നെയ്യാറ്റിന്‍കരയിലും കൃത്യം നടത്തിയ കളിക്കാവിള ഒറ്റാമരത്തും പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
ഇന്ന് പ്രതി അമ്പിളിയെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡി അപേക്ഷ നല്‍കാനാണ് തീരുമാനം. കൊലപാതകത്തിന്റ പൂര്‍ണ്ണ ചിത്രം തെളിയാന്‍ സമയമെടുക്കും എന്നാണ് തമിഴ്‌നാട് പൊലീസ് അറിയിക്കുന്നത്. കൂടുതല്‍ ഇടത്തെ സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ഫോണും പരിശോധിക്കും, ഒപ്പം ഇവരുമായി ബന്ധപ്പെട്ട മറ്റു ചിലരെ ചോദ്യം ചെയ്യുന്നതോടെ കാര്യത്തില്‍ വ്യക്തത വരുമെന്നാണ് കണക്കുകൂട്ടല്‍. കഴിഞ്ഞ ദിവസമായിരുന്നു പ്രതി അമ്പിളിയെ, കന്യാകുമാരി എസ് പി സുന്ദരവദനത്തിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ദീപു കരമനയില്‍ നിന്നും രാത്രിയാണ് കാറില്‍ തമിഴ്നാട്ടിലേക്ക് യാത്രതിരിച്ചത്. ക്വാറിയിലേക്കുള്ള ചില സാധനങ്ങള്‍ വാങ്ങാനും തമിഴ്നാട്ടില്‍നിന്ന് ഒരു ജെ.സി.ബി. കൊണ്ടുവരാനുണ്ടെന്നുമാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്. പത്തുലക്ഷം രൂപയും കൈവശമുണ്ടായിരുന്നു. മാര്‍ത്താണ്ഡത്തുനിന്ന് ഒരു സുഹൃത്ത് യാത്രയില്‍ പങ്കുചേരുമെന്നും ദീപു പറഞ്ഞിരുന്നു.