ജമ്മുകാശ്മീരിലെ പ്രതികൂല കാലാവസ്ഥയില്‍ സൈന്യത്തിന് തീവ്രവാദികളുമായി ഏറ്റുമുട്ടാന്‍ കഴിയാത്ത ചില സാഹചര്യങ്ങള്‍ ഉണ്ടാകും. കാടുകളില്‍ ഒളിച്ചിരുന്ന് ആക്രണം നടത്തുന്ന തീവ്രവാദികളെ പെട്ടെന്ന് തിരഞ്ഞു കണ്ടുപിടിക്കാനാവില്ല. കൊടും വനപ്രദേശങ്ങളിലേക്ക് സൈന്യത്തിന് രാത്രികാലങ്ങളിലും ആക്രമണം ദുഷ്‌ക്കരമാണ്. എന്നാല്‍, കാടിനുള്ളില്‍ നിന്നും തീവ്രവാദികള്‍ ആക്രണം അഴിച്ചു വിടുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങളില്‍ സൈനികര്‍ക്ക് അപകടങ്ങള്‍ ഉണ്ടാകാറുണ്ട്.
ജമ്മുകാശ്മീരില്‍ ഈ അവസ്ഥ സൈനികരെ വല്ലാതെ പ്രതിരോധത്തിലാക്കുന്നുണ്ട്. എന്നാല്‍, തീവ്രവാദികള്‍ക്ക് സൈന്യത്തോട് ഏറെ നേരം പിടിച്ചു നില്‍ക്കാന്‍ കഴിയുന്നില്ലെന്നത് വസ്തുതയാണ്. ഏത് പ്രതികൂല സാഹചര്യത്തിലും രാജ്യത്തെ സംരക്ഷിക്കാന്‍ സൈനികര്‍ തയ്യാറാകുന്നതു കൊണ്ടാണിത്. എന്നാല്‍, ഒളിഞ്ഞിരുന്നുള്ള തീവ്രവാദ ആക്രമണങ്ങളില്‍ സൈനികര്‍ക്കുണ്ടാകുന്ന അപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്നുണ്ടെന്നത് വിസ്മരിക്കാനാവാത്ത കാര്യമാണ്.
ഇതിനെ ഫലപ്രദമായി പ്രതിരോധിക്കാനും, സൈനികരെ സംരക്ഷിക്കാനുമായി ഇന്ത്യന്‍ ആര്‍മി കൂലങ്കഷമായ ആലോചനകളിലായിരുന്നു. സൈനികര്‍ക്ക് അപകടം സംഭവിക്കാത്ത വിധം തീവ്രവാദികളെ കൊല്ലാന്‍ എന്തു ചെയ്യണണെന്ന ആലോചന ശക്തമായപ്പോഴാണ് റോബോട്ടിക് നായ്ക്കളെ സൈന്യത്തില്‍ എത്തിക്കാന്‍ തീരുമാനിച്ചത്. ഇതനുസരിച്ച് 2023 സെപ്റ്റംബറില്‍ 100 റോബോട്ടിക് നായ്ക്കളെ വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കിയതായി കരസേനാ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിരുന്നു.
നായ്ക്കളുടെ ആകൃതിയിലുള്ള റോബോട്ടിക് മ്യൂളുകളുടെ (മള്‍ട്ടി-യൂട്ടിലിറ്റി ലെഗ്ഡ് എക്യുപ്മെന്റ്) ആദ്യ ബാച്ച് ഇന്ത്യന്‍ സൈന്യത്തിലേക്ക് എത്തുകയാണ്. ഇതില്‍ 25 മ്യൂളുകള്‍ ഉടന്‍ സൈന്യത്തിന് കൈമാറും. സൈന്യത്തിന്റെ ആവശ്യാനുസരണം ഈ നായ്ക്കളെ ഉള്‍പ്പെടുത്തും. 300 കോടി രൂപ വരെ കരാറുകള്‍ നല്‍കാവുന്ന അടിയന്തര പര്‍ച്ചേസാണ് നടത്തിയത്. ഈ റോബോട്ടിക് നായ്ക്കള്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍, കൂടുതല്‍ നായ്ക്കളെ വാങ്ങുന്നതിന് സൈന്യം നിര്‍ദ്ദേശം നല്‍കും.
ആര്‍ച്ച് വെഞ്ചേഴ്സാണ് മ്യൂളുകള്‍ നല്‍കുന്നതെന്ന് സൈനിക വ്യത്തങ്ങള്‍ മാധ്യമങ്ങളോടു പറഞ്ഞു. ഗോസ്റ്റ് റോബോട്ടിക്സിന്റെ ലൈസന്‍സിലായിരിക്കും കമ്പനി ഈ റോബോട്ടിക് നായ്ക്കളെ നിര്‍മ്മിക്കുക.2023ല്‍ ജമ്മുവില്‍ നടന്ന നോര്‍ത്ത് ടെക് സിമ്പോസിയത്തില്‍ വെച്ച് ഇന്ത്യന്‍ ആര്‍മിക്ക് വേണ്ടി പ്രത്യേകം രൂപകല്പന ചെയ്ത റോബോട്ടിക് നായ്ക്കളെ പ്രദര്‍ശിപ്പിച്ചിരുന്നു. ഈ നായ്ക്കള്‍ യുദ്ധത്തിനും ഉപയോഗിക്കാന്‍ പാകത്തിനാണ് രൂപകല്‍പ്പന ചെയ്തത്.
പൊഖ്റാനില്‍ നടന്ന ഭാരത് ശക്തി അഭ്യാസത്തിലും ഈ റോബോട്ടുകള്‍ പങ്കെടുത്തിരുന്നു. ഈ MULE കള്‍ക്ക് മഞ്ഞ്-മലകള്‍-മരുഭൂമികള്‍ എന്നിവയിലൂടെ സഞ്ചരിക്കാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത. മാത്രമല്ല, തീവ്രവാദികളോ ശത്രുക്കളോ ഒളിച്ചിരിക്കുന്ന ഇടുങ്ങിയതും ഇരുണ്ടതുമായ സ്ഥലങ്ങളിലൂടെ യഥേഷ്ടം സഞ്ചരിക്കാനും കഴിയും. ഈ റോബോട്ടിക് നായ്ക്കളില്‍ തെര്‍മല്‍ ക്യാമറകളും മറ്റ് സെന്‍സറുകളും സജ്ജീകരിച്ചിട്ടുണ്ടെന്നും ഇത് നിരീക്ഷണം നടത്താന്‍ അവരെ പ്രാപ്ത രാക്കുന്നുണ്ടെന്നും പ്രതിരോധ വൃത്തങ്ങള്‍ പറയുന്നു.
അവ ചെറിയ ആയുധങ്ങളുമായി സംയോജിപ്പിക്കാനും ആവശ്യമെങ്കില്‍ മനുഷ്യജീവനെ അപകടത്തിലാക്കാതെ ശത്രുവുമായി പൊരുതാനും കഴിയും. ഫ്രണ്ട്ലൈന്‍ സൈനികര്‍ക്ക് ചെറിയ ആയുധങ്ങള്‍ കൊണ്ടുപോകാനും ഇത് ഉപയോഗിക്കാം. സൈനികര്‍ ഉപയോഗിക്കുന്ന റിമോട്ട് ഉപകരണമാണ് റോബോട്ടിനെ നിയന്ത്രിക്കുന്നത്. പര്‍വ്വതപ്രദേശങ്ങളിലെ നിരീക്ഷണത്തിനോ അല്ലെങ്കില്‍ ചില തീവ്രവാദികള്‍ ഒളിവില്‍ പോയാലോ കണ്ടെത്താനും, പോരാടാനും ഇവയ്ക്ക് കഴിയും.
ചൈന ഇതിനകം റോബോട്ടിക് നായ്ക്കളെ സൈന്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷം മെയ് മാസത്തിലാണ്, ചൈനീസ് സൈന്യം തോക്കുകളുള്ള റോബോട്ട് നായയെ സൈന്യത്തില്‍ ഉള്‍പ്പെടുത്തിയത്. യുഎസ് സൈന്യവും പോലീസും ഇതിനകം റോബോട്ട് നായയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
റോബോട്ടിക് MULE ന്റെ സവിശേഷതകള്‍
* തീവ്രവാദികളുമായുള്ള ‘ആദ്യ സമ്പര്‍ക്കത്തില്‍’ അവ ഉപയോഗപ്രദമാകും
* MULE-ന് അതിന്റെ 360 ഡിഗ്രി ക്യാമറകള്‍ ഉപയോഗിച്ച് പകലും രാത്രിയും തീവ്രവാദികള്‍ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് കൃത്യമായി കണ്ടെത്താനാകും.
* MULE-ന് ശത്രുവിന്റെ സ്ഥാനം കണ്ടെത്താനും അവരെ നിര്‍വീര്യമാക്കാന്‍ ഫയറിംഗ് പ്ലാറ്റ്‌ഫോം ഉപയോഗിക്കാനും കഴിയും.
* ഈ റോബോട്ട് നായ്ക്കള്‍ ജാഗ്രത നിലനിര്‍ത്താന്‍ സഹായിക്കുന്ന തെര്‍മല്‍ ക്യാമറകളും മറ്റ് സെന്‍സറുകളും ഉപയോഗിച്ച് ഉറപ്പിച്ചിരിക്കുന്നു.
* MULE ചെറിയ ആയുധങ്ങളാല്‍ സജ്ജീകരിച്ചിരിക്കുന്നു, കൂടാതെ രാജ്യത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ കാവല്‍ നില്‍ക്കുന്ന സൈനികര്‍ക്ക് ചെറിയ വസ്തുക്കള്‍ കൊണ്ടുപോകാനും ഇത് ഉപയോഗിക്കാം.
* തെര്‍മല്‍ ക്യാമറകളും റഡാറും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഈ MULE പരുക്കന്‍ ഭൂപ്രദേശങ്ങളും 18 സെന്റീമീറ്റര്‍ ഉയരമുള്ള പടവുകളും 45 ഡിഗ്രി കുന്നിന്‍ പ്രദേശങ്ങളും എളുപ്പത്തില്‍ കയറാന്‍ കഴിയും.
* MULEന് നാല് കാലുകളും ഏകദേശം 51 കിലോഗ്രാം ഭാരവുമുണ്ട്. അതിന്റെ ഉയരം ഏകദേശം 27 ഇഞ്ച് ആണ്.
* MULE ന് 3.15 മണിക്കൂര്‍ തുടര്‍ച്ചയായി നടക്കാന്‍ കഴിയും. ഇത് വെറും 1 മണിക്കൂറിനുള്ളില്‍ റീചാര്‍ജ് ചെയ്യപ്പെടുകയും തുടര്‍ന്ന് 10 മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കുകയും ചെയ്യും
* അതിന്റെ പേലോഡ് കപ്പാസിറ്റി 10 കിലോ ആണ്, അതില്‍ നിരവധി ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ കഴിയും
* ഇത് Wi-Fi അല്ലെങ്കില്‍ ലോംഗ് ടേം എവല്യൂഷന്‍ അതായത് LTE-യില്‍ ഉപയോഗിക്കാം. ചെറിയ ദൂരങ്ങളില്‍ വൈഫൈ ഉപയോഗിക്കാം, 10 കിലോമീറ്റര്‍ വരെ ദൂരത്തേക്ക് 4G/LTE ഉപയോഗിക്കാം.
* MULE ഒരു അനലോഗ് ഫെയ്സ്ഡ് മെഷീനാണ്, ഇത് ഒരു റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് നിയന്ത്രിക്കുന്നു. സംയോജിത ഫയറിംഗ് പ്ലാറ്റ്ഫോമും ഇതിലുണ്ട്.