വ്യാജ വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി കുവൈത്ത് കാബിനറ്റ്. സോഷ്യൽ മീഡിയ പേജുകൾക്കും വാർത്താ പോർട്ടലുകൾക്കുമാണ് മുന്നറിയിപ്പ് നൽകിയത്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ ഫോളോ ചെയ്യുവാൻ കാബിനറ്റ് അഭ്യർഥിച്ചു. സോഷ്യൽ മീഡിയയുടെ ദുരുപയോഗം തടയാൻ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ബയാൻ പാലസിൽ നടന്ന പ്രതിവാര യോഗത്തിലാണ് കാബിനറ്റ് മുന്നറിയിപ്പ് നൽകിയത്. അതിനിടെ സോഷ്യൽ മീഡിയ വഴി തനിക്കെതിരെ പ്രചരിക്കുന്നത് വാസ്തവവിരുദ്ധമായ കാര്യമാണെന്ന് പൊതുമരാമത്ത്-മുനിസിപ്പൽ കാര്യ സഹമന്ത്രി ഡോ. നൂറ അൽ മിഷാൻ പറഞ്ഞു.
ഇത്തരത്തിൽ കഥകൾ പ്രചരിപ്പിച്ച് തന്നെ അപമാനിച്ചവർക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായി അൽ മിഷാൻ പറഞ്ഞു. പൊതുസമൂഹത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം തകർക്കുന്നതും അധിക്ഷേപിക്കുന്നതുമായ വാർത്തകൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യകതമാക്കി.