പരിവര്‍ത്തിത ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള സമുദായങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സംസ്ഥാന പിന്നാക്ക വിഭാഗ കമീഷനെ ചുമതലപ്പെടുത്തുന്നത് പരിശോധിക്കുമെന്ന് മന്ത്രി ഒ ആര്‍ കേളു നിയമസഭയില്‍ അറിയിച്ചു. പട്ടികജാതിക്കാര്‍ക്ക് സമാനമായ സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പരിവര്‍ത്തിത ക്രൈസ്തവരെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തുന്നതിന്, സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിലേയ്ക്ക് ശിപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും ഇതേവരെ പട്ടികജാതി പദവി ലഭ്യമായിട്ടില്ല. തുടര്‍ന്ന് ഈ വിഭാഗത്തെ മറ്റാര്‍ഹ വിഭാഗം(OEC) പട്ടികയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗങ്ങള്‍ക്ക് ലഭ്യമാകുന്ന വിദ്യാഭ്യാസാനുകൂല്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസിലേക്കുള്ള സംവരണത്തില്‍ ക്ലാസ് IV തസ്തികയില്‍ 2 ശതമാനവും ക്ലാസ് IV ഒഴികെയുള്ള തസ്തികയില്‍ ഒരു ശതമാനവും സംവരണം അനുവദിക്കുന്നുണ്ട്.
കെ.പി.സി.ആര്‍. പ്രകാരം സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി, പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി, ആര്‍ട്‌സ് & സയന്‍സ് ബിരുദം എന്നിവയിലെ പ്രവേശനത്തിന് പ്രത്യേകമായി ഒരു ശതമാനം സംവരണവും, പ്രൊഫഷണല്‍ ബിരുദ കോഴ്‌സുകള്‍, മെഡിക്കല്‍ ബിരുദാനന്തര ബിരുദ കോഴ്‌സ്, M.Tech കോഴ്‌സുകള്‍ എന്നിവയിലെ പ്രവേശനത്തിന് SIUC വിഭാഗങ്ങള്‍ക്കൊപ്പം ഒരു ശതമാനം സംവരണവും പങ്കിടുന്നുണ്ട്.
സ്‌കൂള്‍, കോളേജ് പ്രവേശനത്തിന് പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ അഭാവത്തില്‍ പ്രസ്തുത സീറ്റുകളില്‍ പരിവര്‍ത്തിത കൈസ്ത്രവര്‍ ഉള്‍പ്പെടുന്ന ഒ.ഇ.സി. വിഭാഗങ്ങള്‍ക്ക് സംവരണം ലഭിക്കുന്നുണ്ട്. 9,10 ക്ലാസുകളില്‍ പഠിക്കുന്ന പരിവര്‍ത്തിത ക്രൈസ്തവ വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് 2023 മുതല്‍ ഒ.ഇ.സി. ഗ്രാന്റിന് പുറമേ, ഒ.ബി.സി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പുകള്‍ക്കും (മൈനോറിറ്റി സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നില്ലെങ്കില്‍ മാത്രം) അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നു. 10-ാം ക്ലാസിനുശേഷം ഒ.ഇ.സി. പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് എന്ന നിലയില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസാനുകൂല്യങ്ങളും പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് അനുവദിക്കുന്നുണ്ട്.
പട്ടികജാതി വിഭാഗങ്ങള്‍ക്ക് സാധാരണ നിലയില്‍ ലഭ്യമാകുന്ന എല്ലാ പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് വിദ്യാഭ്യാസാനുകൂല്യങ്ങളും പരിവര്‍ത്തിത ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്ക് നിലവില്‍ അനുവദിച്ചു വരുന്നുണ്ട്. ഇതിനും പുറമെ പിന്നാക്ക വിഭാഗ വികസന വകുപ്പ് പൊതുവായി ഒബിസി വിഭാഗങ്ങള്‍ക്കായി നടത്തുന്ന എല്ലാ പദ്ധതികളും പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് കൂടി അനുവദിക്കുന്നതായും മന്ത്രി പറഞ്ഞു. വിവിധ മത്സര പരീക്ഷാ പരിശീലനങ്ങള്‍ക്ക് (മെഡിക്കല്‍/ എഞ്ചിനിയറിംഗ് എന്‍ട്രന്‍സ്, സിവില്‍ സര്‍വ്വീസ്, ബാങ്കിങ് സര്‍വ്വീസ്, GATE/MAT, UGC/NET/JRF) ധനസഹായം വകുപ്പ് മുഖേന അനുവദിക്കുന്നുണ്ട്. LLB കഴിഞ്ഞവര്‍ക്ക് അഭിഭാഷകരായി പ്രാക്ടീസ് ആരംഭിക്കുന്നതിനു കോഴ്‌സ് കഴിഞ്ഞു മൂന്നു വര്‍ഷം അഭിഭാഷക ഗ്രാന്റും, വിദേശ പഠന ഗ്രാന്റ ആയി പത്തുലക്ഷം രൂപയും അനുവദിക്കുന്നുണ്ട്.
ഈ പദ്ധതികളുടെയെല്ലാം ആനുകൂല്യം പരിവര്‍ത്തിത ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്കും ലഭിക്കുന്നുണ്ട്. കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കിവരുന്ന എല്ലാ വായ്പാപദ്ധതികളും പരിവര്‍ത്തിത ക്രൈസ്തവ സമുദായത്തില്‍പ്പെട്ടവര്‍ക്കും ലഭ്യമാകുന്നുണ്ട്. പരിവര്‍ത്തിത ക്രൈസ്തവരുടെയും പട്ടികജാതിയിലേയ്ക്കു ശിപാര്‍ശ ചെയ്യപ്പെട്ട മറ്റു സമുദായ വിഭാഗക്കാരുടേയും സാമ്പത്തിക അഭിവൃദ്ധിക്കായി കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പരിവര്‍ത്തിത ക്രൈസ്തവ ശിപാര്‍ശിത വിഭാഗ വികസന കോര്‍പറേഷനും നിരവധി പദ്ധതികള്‍ നിലവില്‍ നടപ്പിലാക്കി വരുന്നുണ്ട്. വിവിധ വിദ്യാഭ്യാസ വായ്പ പദ്ധതികളും, സ്റ്റാര്‍ട്ട് വായ്പകളും നല്കി വരുന്നു.
പരിവര്‍ത്തിത-ശിപാര്‍ശിത വിഭാഗ പെണ്‍കുട്ടികള്‍ക്ക് 3.5ശതമാനം പലിശ നിരക്കിലും ആണ്‍കുട്ടികള്‍ക്ക് 4ശതമാനം പലിശ നിരക്കിലും 10 ലക്ഷം രൂപവരെ വിദേശ പഠന വായ്പയും നല്‍കുന്നുണ്ട്. പരിവര്‍ത്തിത ക്രൈസ്തവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഫെബ്രുവരി ഒന്നിന് യോഗം ചേര്‍ന്നിരുന്നു. ഈ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവന്നിരുന്ന ഇന്‍സന്റീവ് ഗ്രാന്റ്, 2024-25 സാമ്പത്തിക വര്‍ഷത്തില്‍ പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്റെ ലാഭവിഹിതത്തില്‍ നിന്നും നല്കുന്നതിനും തീരുമാനിച്ചതായി പ്രമോദ് നാരായണ്‍ എം.എല്‍.എയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.