ഗതാഗതക്കുരുക്കിൽ കുവൈത്ത് സിറ്റി അറബ് ലോകത്ത് ആറാം സ്ഥാനത്ത്, ആഗോളതലത്തിൽ 550ാമതും. പ്രമുഖ ട്രാഫിക് ഡാറ്റാ അനാലിസിസ് കമ്പനിയായ INRIX പുറത്തിറക്കിയ ‘ഗ്ലോബൽ ട്രാഫിക് സ്‌കോർ റെക്കോർഡ് ഫോർ 2023’ റിപ്പോർട്ടിലാണ് ഗതാഗതക്കുരുക്ക് അനുസരിച്ച് നഗരങ്ങൾക്ക് റാങ്ക് നൽകിയത്. ദുബൈയാണ് തിരക്കേറിയ അറബ് നഗരം. റിയാദും അബൂദബിയും തൊട്ടുപിന്നിലുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ആഗോളതലത്തിൽ, ന്യൂയോർക്ക് സിറ്റി തുടർച്ചയായ രണ്ടാം വർഷവും ഏറ്റവും തിരക്കേറിയ നഗരപ്രദേശമായി. തിരക്ക് കൂടിയതോടെ നഗരത്തിന് 9.1 ബില്യൺ ഡോളർ സമയമാണ് പാഴായത്. ലണ്ടൻ, പാരീസ്, ചിക്കാഗോ എന്നിവയെ പിന്തള്ളി മെക്‌സിക്കോ സിറ്റി രണ്ടാം സ്ഥാനത്തായി. ലോസ് ഏഞ്ചൽസ്, ബോസ്റ്റൺ തുടങ്ങിയ മറ്റ് അമേരിക്കൻ നഗരങ്ങളും ലോകത്തിലെ ഏറ്റവും ഗതാഗതക്കുരുക്കുള്ള നഗരങ്ങളുടെ പട്ടികയിൽ ആദ്യ സ്ഥാനങ്ങളിൽ ഇടംപിടിച്ചതായി റിപ്പോർട്ട് പറയുന്നു.