ലോക്സഭാ സ്പീക്കറുടെ കസേരയ്ക്ക് സമീപം സ്ഥാപിച്ചിരിക്കുന്ന അഞ്ചടി സ്വര്‍ണ്ണം പൂശിയ ചെങ്കോല്‍ ‘സെങ്കോള്‍’ നീക്കം ചെയ്യണമെന്ന് സമാജ്വാദി പാര്‍ട്ടി എം.പി ആര്‍.കെ ചൗധരി പാര്‍ലമെന്റില്‍ നടത്തിയ ചര്‍ച്ചയ്ക്കിടെ ആവശ്യപ്പെട്ടു. ഇതോടെ പാര്‍ലമെന്റ് രൂക്ഷമായ വാദപ്രതിവാദത്തിന് സാക്ഷ്യം വഹിച്ചു. പൈതൃകത്തിന്റെ പ്രതീകമോ അതോ രാജത്വത്തിന്റെയോ?. പാര്‍ലമെന്റില്‍ സെങ്കോളിന് പകരം ഭരണഘടന കൊണ്ടുവരണമെന്നും എസ്.പി എം.പി ഉറച്ച ശബ്ദത്തില്‍ പറഞ്ഞു. എന്നാല്‍, സെന്‍ഗോള്‍ നീക്കം ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് പ്രതികരിച്ച ബി.ജെ.പി, ഇന്ത്യന്‍ പാരമ്പര്യത്തെയും സംസ്‌ക്കാരത്തെയും അവഹേളിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷത്തിന്റെ നിലപാടിനെ ശക്തമായി പ്രതികരിച്ചു.
സമാജ്വാദി പാര്‍ട്ടി എം.പി ആര്‍.കെ ചൗധരി പറഞ്ഞ വാക്കുകള്‍
‘ ലോക്സഭാ സ്പീക്കറുടെ കസേരയ്ക്ക് സമീപം സ്ഥാപിച്ചിരിക്കുന്ന അഞ്ചടി സ്വര്‍ണ്ണം പൂശിയ ചെങ്കോല്‍ ‘സെങ്കോള്‍’ നീക്കം ചെയ്യണം. ജനാധിപത്യ മൂല്യങ്ങളോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ പ്രതീകമായ ഭരണഘടനയുടെ ഒരു പകര്‍പ്പ് പകരം വയ്ക്കണമെന്നും ചൗധരി ആവശ്യപ്പെട്ടു.”ഭരണഘടനയുടെ അംഗീകാരം രാജ്യത്ത് ജനാധിപത്യത്തിന് തുടക്കം കുറിച്ചു. ഭരണഘടന അതിന്റെ പ്രതീകമാണ്. ബി.ജെ.പി സര്‍ക്കാര്‍ കഴിഞ്ഞ ടേമില്‍ സ്പീക്കറുടെ കസേരയ്ക്ക് സമീപം ‘സെങ്കോള്‍’ സ്ഥാപിച്ചു.
ചെങ്കോല്‍ എന്നര്‍ത്ഥം വരുന്ന തമിഴ് പദമാണ് ‘സെങ്കോള്‍’. രാജദണ്ഡ് എന്നാല്‍ രാജാവിന്റെ വടി എന്നും അര്‍ത്ഥമുണ്ട്. രാജാക്കന്മാരുടെ കാലത്തിനുശേഷം നാം സ്വതന്ത്രരായി. ഇപ്പോള്‍, യോഗ്യരായ വോട്ടര്‍മാരായ ഓരോ സ്ത്രീയും പുരുഷനും ഈ രാജ്യം ഭരിക്കാന്‍ സര്‍ക്കാരിനെ തിരഞ്ഞെടുക്കുന്നു. അങ്ങനെയെങ്കില്‍ രാജ്യം ഭരിക്കുന്നത് ഭരണഘടനയിലാണോ അതോ രാജാവിന്റെ വടികൊണ്ടാണോ?” എന്നാണ് ചൗധരി പാര്‍ലമെന്റില്‍ ചോദിച്ചത്.
അദ്ദേഹത്തിന്റെ നിലപാടിന് കോണ്‍ഗ്രസും ആര്‍.ജെ.ഡിയും ഉള്‍പ്പെടെയുള്ള വിവിധ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് പിന്തുണയും ലഭിച്ചു. പ്രതിപക്ഷം ‘സെങ്കോള്‍’ രാജത്വത്തിന്റെ അനാചാരമായ പ്രതീകമായി കാണുന്നു. പ്രത്യേകിച്ചും പ്രതിപക്ഷത്തിന്റെ ഇന്ത്യാ ബ്ലോക്കിന്റെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ വെളിച്ചത്തില്‍. ‘സെങ്കോള്‍’ രാജത്വത്തെ പ്രതീകപ്പെടുത്തുന്നുവെന്നും രാജ്യയുഗം അവസാനിച്ചുവെന്നും ഞങ്ങള്‍ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ജനങ്ങളുടെ ജനാധിപത്യത്തെയും ഭരണഘടനയെയും നമ്മള്‍ ആഘോഷിക്കണം,” മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ ബി മാണിക്കം ടാഗോര്‍ പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം, ‘സെങ്കോള്‍’ പവിത്രമായ അധികാര കൈമാറ്റത്തെ പ്രതിനിധീകരിക്കുന്നുവെന്നും രാജ്യത്തിന്റെ സമ്പന്നമായ പൈതൃകത്തിന്റെ ഓര്‍മ്മപ്പെടുത്തലായി വര്‍ത്തിക്കുന്നുവെന്നും ബി.ജെ.പി നേതാക്കള്‍ വാദിച്ചു. ബ്രിട്ടീഷുകാരില്‍ നിന്നുള്ള അധികാര കൈമാറ്റത്തിന്റെ പ്രതീകമായി ഇന്ത്യയുടെ സ്വാതന്ത്ര്യ ചടങ്ങില്‍ ഇത് ഉപയോഗിച്ചതായി ഉദ്ധരിച്ച് അവര്‍ അതിന്റെ ചരിത്രപരമായ പ്രാധാന്യം എടുത്തു കാട്ടുകയും ചെയ്തു.