കൽപറ്റ : ജെ.എസ്.സിദ്ധാർഥൻ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികൾക്കു പരീക്ഷയെഴുതാൻ ഒത്താശ ചെയ്ത് പൂക്കോട് സർവകലാശാല അധികൃതർ. സിദ്ധാർഥനെ അതിക്രൂരമായി മർദിച്ചുവെന്ന് സിബിഐ കുറ്റപത്രത്തിലടക്കം പരാമർശിക്കുന്ന മുഖ്യപ്രതികൾ ഉൾപ്പെടെയുള്ളവർക്കു പരീക്ഷയെഴുതാൻ അനുമതി നൽകി ഇന്നലെയാണു സർവകലാശാല ഉത്തരവിറക്കിയത്.
പ്രതികളായ കോളജ് യൂണിയൻ പ്രസിഡന്റ് കെ.അരുൺ, ആർ.എസ്.കാശിനാഥൻ, അമീൻ അക്ബർ അലി, മുഹമ്മദ് ഡാനിഷ്, റെഹാൻ ബിനോയ്, വി.ആദിത്യൻ, എ.അൽത്താഫ്, ഇ.കെ.സൗദ് റിസാൽ എന്നിവർക്ക് ഇതോടെ അവസാന വർഷ പരീക്ഷയുൾപ്പെടെ എഴുതാനാകും. ആന്റി റാഗിങ് കമ്മിറ്റിയുടെ തീരുമാനമനുസരിച്ചു കോളജിൽനിന്നു പുറത്താക്കിയ പ്രതികൾക്കാണ് ഹൈക്കോടതി വിധിയുടെ മറവിൽ, പരീക്ഷയെഴുതാൻ സർവകലാശാല അനുമതി നൽകിയത്.
3 മാസത്തോളം ജയിലിൽ കഴിഞ്ഞ പ്രതികളിലാർക്കും വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങളനുസരിച്ച്, പരീക്ഷയെഴുതാൻ അനുമതി നൽകാൻ പാടില്ലെന്നു നിയമവിദഗ്ധർ പറയുന്നു. 75 ശതമാനം ഹാജരില്ലാത്ത വിദ്യാർഥികൾ കോഴ്സ് പൂർത്തിയാക്കിയില്ലെന്നോ തോറ്റതായോ കണക്കാക്കണമെന്നാണു സർവകലാശാല അക്കാദമിക് ഹാൻഡ്ബുക്കിലെയും നിർദേശം. എന്നാൽ, ഇക്കാര്യം കോടതിയെ ബോധിപ്പിക്കാനോ വിധിക്കെതിരെ അപ്പീൽ പോകാനോ തയാറാകാതെ ഉത്തരവ് നടപ്പിലാക്കാൻ സർവകലാശാല കാണിച്ച ധൃതിയാണു ദുരൂഹതയുണർത്തുന്നത്.
പൂക്കോട് ക്യാംപസിലേക്കു കയറരുതെന്നു കോടതി നിർദേശമുള്ളതിനാൽ പ്രതികൾക്കെല്ലാം മണ്ണുത്തി കേന്ദ്രത്തിൽ പരീക്ഷയെഴുതാൻ സജ്ജീകരണങ്ങൾ ഏർപ്പെടുത്തണമെന്നാണു സർവകലാശാല ഉത്തരവ്. പ്രത്യേക പരിഗണന നൽകിയാണ് ഈ നിർദേശങ്ങളെന്നും നിലവിലെ ചട്ടങ്ങൾക്കും നിയന്ത്രണങ്ങൾക്കുമുള്ള ഇളവായി എടുക്കാനാകില്ലെന്നും ഉത്തരവിൽ പറയുന്നു.