പൊതു തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ നയപ്രഖ്യാപനം എന്ന നിലയില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തിന് മുന്‍പാക്കെ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിന് ഏറെ പ്രാധാന്യമാണ് കല്‍പ്പിച്ചിരുന്നത്. പക്ഷെ നിരാശപ്പെടുത്തി, രാജ്യം നേരിടുന്ന പ്രധാന പ്രതിസന്ധികളെ കുറിച്ച് ഒരു കാഴ്ചപ്പാട് മുന്നോട്ട് വയ്ക്കാന്‍ പോലും നയ പ്രഖ്യാപന പ്രസംഗത്തിനായില്ലെന്ന് എ.എ. റഹീം എംപി. പരാമര്‍ശിച്ച വിഷയങ്ങളില്‍ ആകട്ടെ സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയില്ലായ്മ പ്രകടമായിരുന്നു.വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെക്കുറിച്ച് പറയുമ്പോള്‍ മണിപ്പൂര്‍ എന്ന പേര് പോലും രാഷ്ട്രപതി പരാമര്‍ശിക്കാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധിച്ചിരിക്കുന്നു.
പ്രതിരോധ രംഗത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അഗ്‌നിവീറിനെ കുറിച്ച് നിശബ്ദമായി. ഉന്നത വിദ്യാഭ്യാസമേഖലയില്‍ വലിയ മുന്നേറ്റമുണ്ടാക്കി എന്നവകാശപ്പെടുന്ന നയപ്രഖ്യാപനം നീറ്റ്, നെറ്റ് പരീക്ഷാ കുംഭക്കോണത്തെ തുടര്‍ന്ന് ആശങ്കയിലായ വിദ്യാര്‍ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ആത്മവിശ്വാസം നല്‍കുന്ന ഒന്നും മിണ്ടിയില്ല. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയെ കുറിച്ചും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ കുറിച്ചും കുറ്റകരമായ മൗനമാണ് നയ പ്രഖ്യാപന പ്രസംഗം പുലര്‍ത്തുന്നത്. അനുദിനം റെയില്‍വേ അപകടങ്ങള്‍ വര്‍ധിക്കുന്നു.സുരക്ഷാ വിഭാഗങ്ങളിലും,ലോക്കോ പൈലറ്റ് വിഭാഗത്തിലും പതിനായിരക്കണക്കിന് തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതൊന്നും നയപ്രഖ്യാപനത്തില്‍ വന്നതേയില്ല. ജീവിതചിലവ് കുതിച്ചുയരുന്നതും, വിലക്കയറ്റവും പ്രതിപാദ്യ വിഷയമേയായില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞ അതേ നയങ്ങളുടെ തുടര്‍ച്ചയാകും മൂന്നാം സര്‍ക്കാരിനും എന്ന സന്ദേശമാണ് ഇന്നത്തെ നയപ്രഖ്യാപന പ്രസംഗത്തിലൂടെ മനസ്സിലായത്. പക്ഷേ ശക്തമായ പ്രതിപക്ഷ നിരയുടെ കരുത്ത് വരും ദിവസങ്ങളില്‍ ഭരണപക്ഷം തിരിച്ചറിയുമെന്ന് കാര്യം ഉറപ്പാണെന്ന് എ.എ. റഹീം എംപി പറഞ്ഞു.