ഗയാന: ടി20 ലോകകപ്പില്‍ ഇന്ത്യ – ഇംഗ്ലണ്ട് സെമി ഫൈനല്‍ മത്സരം മഴ കാരണം മുടങ്ങാൻ സാധ്യത. മത്സരം നടക്കേണ്ട ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയം മഴയില്‍ മുങ്ങിനില്‍ക്കുകയാണ്. മത്സരത്തിന് റിസര്‍വ് ഡേയില്ല.
ഗയാന സമയം രാവിലെ 10.30-നാണ് (ഇന്ത്യന്‍ സമയം വൈകീട്ട് എട്ടു മണി) സെമി മത്സരം നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ രാവിലെ മുതല്‍ ഗയാനയില്‍ കനത്ത മഴയാണ്. കാലാവസ്ഥ വകുപ്പ് നല്‍കുന്ന വിവരം അനുസരിച്ച് രാവിലെ 10.30 മുതല്‍ വൈകീട്ട് 6.30 വരെ ഗയാനയില്‍ മഴ തുടരുമെന്നാണ് സൂചന.
സാധാരണ ടി20 മത്സരത്തിനിടെ മഴ പെയ്താല്‍ 60 മിനിറ്റാണ് കട്ട് ഓഫ് ടൈം അനുവദിക്കുക. ഇതിനുള്ളില്‍ മത്സരം നടത്തണോ വേണ്ടയോ എന്ന തീരുമാനത്തിലേക്ക് മാച്ച് റഫറിയും അമ്പയര്‍മാരുമെത്തും. എന്നാല്‍ ഇവിടെ സെമിക്ക് റിസര്‍വ് ഡേ ഇല്ലാത്തതിനാല്‍ 250 മിനിറ്റ് മിനിറ്റ് കട്ട് ഓഫ് ടൈം അനുവദിച്ചിട്ടുണ്ട്. അതായത് മത്സരം നടത്താന്‍ നാല് മണിക്കൂറോളം കാക്കും. ഇന്ത്യന്‍ സമയം എട്ടു മണിക്ക് ആരംഭിക്കേണ്ട മത്സരം മഴ കാരണം വൈകിയാല്‍ 12.10 വരെ കാക്കും. ഈ സമയത്ത് മത്സരം ആരംഭിച്ചാലും മുഴുവന്‍ ഓവര്‍ മത്സരം തന്നെ നടത്തും. അതിലും വൈകിയാല്‍ മാത്രമേ ഓവറുകള്‍ ചുരുക്കൂ. എന്നാല്‍ 10 ഓവര്‍ മത്സരമെങ്കിലും നടത്താനുള്ള സാഹചര്യമേ കണക്കിലെടുക്കൂ. അതിലും കുറഞ്ഞാല്‍ മത്സരം ഉപേക്ഷിക്കും.
അതേസമയം മത്സരത്തിന് റിസര്‍വ് ദിനം നല്‍കാത്തത് സംബന്ധിച്ച് ഐ.സി.സി ഔദ്യോഗികമായി വിശദീകരണം നല്‍കിയിട്ടില്ല. മത്സരം മഴമൂലം ഉപേക്ഷിച്ചാല്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായെത്തിയ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും. സെമി, ഫൈനല്‍ മത്സരങ്ങളില്‍ ഫലം പ്രഖ്യാപിക്കണമെങ്കില്‍ കുറഞ്ഞത് 10-ഓവറെങ്കിലും ഇരു ടീമുകളും ബാറ്റ് ചെയ്യണം.