ശൈത്യകാലത്ത് പച്ചപ്പ് നിറഞ്ഞ പരവതാനിയായി മാറുന്ന അപൂര്‍വ്വ സ്ഥിതി വിശേഷമുള്ള ഇടമാണ് കര്‍ണ്ണാടകയിലെ കൂര്‍ഗ്. ഇന്ത്യയിലെ സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നാണിവിടം അറിയപ്പെടുന്നത്. കാപ്പിത്തോട്ടങ്ങളും തേയില തോട്ടങ്ങളും പിന്നെ ഇടയ്ക്ക് ഓറഞ്ച് കൃഷിയും ഇവിടെ കാണാം. വെള്ളച്ചാട്ടങ്ങളും പ്രകൃതിഭംഗി നിറഞ്ഞ ട്രക്കിങ്ങ് റൂട്ടുകളും ഇവിടുത്തെ പ്രധാന ആകര്‍ഷങ്ങളാണ്.
സമുദ്ര നിരപ്പില്‍ നിന്ന് 50 മീറ്റര്‍ മുതല്‍ 1715 മീറ്റര്‍ വരെ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ സ്ഥലം കര്‍ണാടകയുടെ തെക്ക് പടിഞ്ഞാറന്‍ ഭാഗത്ത് പശ്ചിമഘട്ടത്തിലെ മലനാട് മേഖലയില്‍ സ്ഥിതിചെയ്യുന്നു. ഏക്കറുകണക്കിന് നീണ്ടുനില്‍ക്കുന്ന കാപ്പിത്തോട്ടങ്ങളും മറ്റു സുഗന്ധവിളത്തോട്ടങ്ങളും കൂര്‍ഗിന് സുന്ദരമായ ചാരുത നല്‍കുന്നു. സുന്ദരമായ കാലവസ്ഥയാണ് കൂര്‍ഗിന്റെ മറ്റൊരു പ്രത്യേകത. പക്ഷി നിരീക്ഷണത്തിനും ട്രെക്കിംഗിനും പേരുകേട്ട കൂര്‍ഗില്‍ നിരവധി വെള്ളച്ചാട്ടങ്ങളുമുണ്ട്. കൂടാതെ സമൃദ്ധമായ മഴയ്ക്കും പേരുകേട്ട സ്ഥലമാണ് കൂര്‍ഗ്.
കൂര്‍ഗിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം;
1. മടിക്കേരി കോട്ട
കരിങ്കല്ല് കൊണ്ട് നിര്‍മ്മിച്ച മടിക്കേരി കോട്ട കുന്നിന്‍ മുകളിലാണ് സ്ഥിതിചെയ്യുന്നത്. കോട്ടയ്ക്കുള്ളില്‍ ഒരു ക്ലോക്ക് ടവര്‍ ഉള്ള ഒരു മേല്‍ക്കൂരയുണ്ട്. സ്റ്റെയിന്‍ ഗ്ലാസ് ഉള്ള ഒരു പള്ളി, മനോഹരമായ ഗണേശ ക്ഷേത്രം, ഒരു മ്യൂസിയം എന്നിവയും കോട്ടയുടെ പരിസരത്തുണ്ട്. കല്ലുകൊണ്ടുള്ള ആനകളാണ് ഇവിടുത്തെ രണ്ട് പ്രധാന ആകര്‍ഷണം. വലിയൊരു ആമ ശില്പവും ഉണ്ട്.
2. ദുബാരെ
കൂര്‍ഗിനടുത്ത് കാവേരിയുടെ തീരത്താണ് ദുബാരെ എന്ന പ്രശസ്തമായ ആനവളര്‍ത്തല്‍ കേന്ദ്രം സ്ഥിതിചെയ്യുന്നത്. മൈസൂര്‍ രാജാക്കന്മാരുടെ കാലത്തേയുള്ള ആനവളര്‍ത്തല്‍ കേന്ദ്രമാണ് ദുബാരെ. മൈസൂരിലെ ദസറ ആഘോഷങ്ങളില്‍ എഴുന്നള്ളിച്ചിരുന്ന ആനകളെ ഇവിടെ നിന്നുമാണ് പരിശീലിപ്പിച്ചിരുന്നത്.
3. തടിയന്റമോള്‍
കൂര്‍ഗ് ജില്ലയിലെ കക്കാബെയിലാണ് ഈ നീളന്‍ കൊടുമുടി സ്ഥിതിചെയ്യുന്നത്. സഹ്യപര്‍വ്വത നിരകളില്‍ കേരള – കര്‍ണാടക അതിര്‍ത്തിയിലായി നിലകൊള്ളുന്ന ഈ കൊടുമുടിക്ക് സമുദ്രനിരപ്പില്‍ നിന്നും 1748 മീറ്റര്‍ ഉയരമുണ്ട്.
4. ബൈലക്കുപ്പേ
ടിബറ്റുകാരുടെ കുടിയേറ്റസ്ഥലമാണ് ബൈലക്കുപ്പ. ധര്‍മ്മശാല കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടിബറ്റിയന്‍ സെറ്റില്‍മെന്റാണ് ഇവിടുത്തേത്. കുശാല്‍ നഗറില്‍ നിന്നും 6 കിലോമീറ്ററുണ്ട് ബൈലക്കുപ്പയിലേയ്ക്ക്.
5. നിസാര്‍ഗധാമം
പ്രകൃതിരമണീയമായ സ്ഥലമാണ് നിസര്‍ഗധാമം. കാവേരി നദിയിലുള്ള ഒരു ദ്വീപാണിത്. കുശാല്‍ നഗറില്‍ നിന്നും മൂന്നു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. 35 എക്കറിലായി പന്നുകിടക്കുന്ന ഇക്കോളജിക്കല്‍ പാര്‍ക്കാണ് നിസര്‍ഗധാമം. ദ്വീപിനെ കരയുമായി ബന്ധപ്പെടുത്തുന്നത് 90 മീറ്റര്‍ നീളമുള്ള തൂക്കുപാലമാണ്.
6. സുവര്‍ണ്ണ ക്ഷേത്രം
ടിബറ്റന്‍ വാസ്തുവിദ്യയും കലാസൃഷ്ടികളും നിറഞ്ഞ, 5000-ലധികം സന്യാസിമാരും കന്യാസ്ത്രീകളും താമസിക്കുന്ന ബുദ്ധക്ഷേത്രമാണ് മൊണാസ്ട്രി. മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ബുദ്ധന്റെ സുവര്‍ണ്ണ പ്രതിമയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.
7. ഭാഗമണ്ഡലം
ഹൈന്ദവവിശ്വാസികളുടെ മറ്റൊരു പുണ്യസ്ഥലമാണ് ഭാഗമണ്ഡലം. ഇവിടുത്തെ ക്ഷേത്രവും ത്രിവേണി സംഗമവും പ്രശസ്തമാണ്. തലക്കവേരിയില്‍ നിന്നും ഉത്ഭവിക്കുന്ന കാവേരി നദിയും കനക, സുജോതി എന്നീ ചെറുനദികളും സംഗമിക്കുന്നതിവിടെയാണ്.
8. അബ്ബി വെള്ളച്ചാട്ടം
മടിക്കേരി നഗരത്തില്‍ നിന്നും 78കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അബ്ബി വെള്ളച്ചാട്ടമായി. കൂര്‍ഗില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുന്ന ഒരു സ്ഥലമാണ് ഈ വെള്ളച്ചാട്ടം. സഞ്ചാരികളെപ്പോലെതന്നെ സിനിമ ചിത്രീകരണസംഘങ്ങളുടെ സ്ഥിരം താവളം കൂടിയാണിത്.
9. ഹാരംഗി അണക്കെട്ട്
1982 മുതല്‍ പ്രവര്‍ത്തിക്കുന്ന ഹാരംഗി ഡാം കൂര്‍ഗ് മേഖലയിലെ ഏക ജലസംഭരണിയായി പ്രവര്‍ത്തിക്കുന്നു. കാവേരി നദിക്ക് കുറുകെയാണ് അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത്. ശാന്തമായ വെള്ളമുള്ള ഹാരംഗി റിസര്‍വോയര്‍ പ്രദേശവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മത്സ്യബന്ധനത്തിനും അനുയോജ്യമായ വാരാന്ത്യ ബോട്ടിംഗിനും പറ്റിയ സ്ഥലമാണ്.
10. ഇരുപ്പുവെള്ളച്ചാട്ടം
ദക്ഷിണ കൂര്‍ഗില്‍ ബ്രഹ്‌മഗിരി മലനിരകളിലാണ് ഇരുപ്പു വെള്ളച്ചാട്ടം. വെള്ളച്ചാട്ടം കാണണമെങ്കില്‍ ബ്രഹ്‌മഹിരി വന്യജീവി സങ്കേതത്തിനുള്ളിലേയ്ക്ക് പോകണം. ലക്ഷ്മണ തീര്‍ത്ഥ വെള്ളച്ചാട്ടമെന്നും ലക്ഷ്മണ തീര്‍ത്ഥ നദിയെന്നും ഇതറിയപ്പെടുന്നു.