ലണ്ടൻ: വിഖ്യാതമായ പെൻ പിന്‍റർ പുരസ്കാരം എഴുത്തുകാരിയും മലയാളിയുമായ അരുന്ധതി റോയിക്ക്. സ്വന്തം സുരക്ഷക്ക് പോലും ഭീഷണി ഉയരുമ്പോഴും അഭിപ്രായ സ്വാതന്ത്ര്യത്തിനായി പോരാടായ എഴുത്തുകാരിയെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ജൂറി പുരസ്കാരം പ്രഖ്യാപിച്ചത്. പരിസ്ഥിതി പ്രശ്നങ്ങളിലും മനുഷ്യാവകാശ ലംഘനങ്ങളോടുമുള്ള അരുന്ധതി റോയി നടത്തിയ പ്രതികരണങ്ങളെയും ജൂറി പ്രശംസിച്ചു. അരുന്ധതി റോയിയുടെ ഉറച്ച ശബ്ദത്തെ ആർക്കും നിശബ്ദമാക്കാനാകില്ലെന്നും ജൂറി അഭിപ്രായപ്പെട്ടു. പുരസ്കാരം ഒക്ടബോർ പത്തിന് സമ്മാനിക്കും.
14 വർഷം മുമ്പ് കശ്മീരിനെ കുറിച്ച് നടത്തിയ പരാമർശത്തിന്റെ പേരിൽ പ്രോസിക്യൂഷൻ ഭീഷണി നേരിടുകയാണ് നിലവിൽ അരുന്ധതി റോയി. ഈ സാഹചര്യത്തിലാണ് പുരസ്കാരം തേടിയെത്തിയത്. നൊബേൽ ജേതാവും പ്രശസ്ത നാടകകൃത്തുമായ ഹാരോൾഡ് പിന്ററിന്റെ സ്മരണക്കായി ആവിഷ്‍കാര സ്വാതന്ത്ര്യത്തെയും സാഹിത്യത്തെയും ആഘോഷിക്കാനായി 2009ൽ ഇംഗ്ലീഷ് പെൻ എന്ന ചാരിറ്റി ഏർപ്പെടുത്തിയതാണ് ഈ പുരസ്കാരം.
പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് അരുന്ധതി റോയി പ്രതികരിച്ചു. ലോകം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന മനസിലാക്കാൻ പോലും സാധിക്കാത്ത വഴിത്തിരിവുകളെ കുറിച്ച് എഴുതാൻ ഹാരോൾഡ് പിന്റർ നമുക്കൊപ്പം ഉണ്ടായിരുന്നുവെങ്കിൽ ആഗ്രഹിച്ചുപോകുന്നതായും അവർ പറഞ്ഞു. പ്രഥമ നോവലായ ഗോഡ് ഓഫ് സ്മോൾ തിങ്സിന് ബുക്കർ പുരസ്കാരം സ്വന്തമാക്കിയ എഴുത്തുകാരിയാണ് അരുന്ധതി.