India

ആയുഷ്മാൻ ഭാരത്: 70 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ ആരോഗ്യ സംരക്ഷണം നല്‍കും, പ്രഖ്യാപനവുമായി രാഷ്ട്രപതി

ന്യൂഡല്‍ഹി: രാജ്യത്തെ 70 വയസ്സിന് മുകളിലുള്ള എല്ലാ പൗരന്മാർക്കും ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരം സൗജന്യ ചികിത്സ നൽകുമെന്ന് പ്രസിഡൻ്റ് ദ്രൗപതി മുർമു. രാജ്യത്ത് 25,000 ജൻ ഔഷധി കേന്ദ്രങ്ങൾ ആരംഭിക്കുന്ന പദ്ധതി അതിവേഗം പുരോഗമിക്കുകയാണെന്നും പാർലമെൻ്റിൻ്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവെ അവർ പറഞ്ഞു.

ആയുഷ്മാന്‍ ഭാരത്-പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജനയുടെ സൗജന്യ ആരോഗ്യ സേവനങ്ങള്‍ രാജ്യത്തെ 55 കോടിയോളം ജനങ്ങള്‍ക്ക് ലഭ്യമാകുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. ആയുഷ് (ആയുർവേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി) പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആരോഗ്യകരമായ ഒരു ലോകം സൃഷ്ടിക്കാൻ ഇന്ത്യ സഹായിക്കുന്നുവെന്നും മുർമു പറഞ്ഞു.

ലോകത്തെ ഏറ്റവും വലിയ പൊതുജനനിക്ഷേപ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത്-പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന. ഓരോ കുടുംബത്തിനും പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ ലഭ്യമാക്കുന്നതാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം. ഈ സേവനത്തിന്റെ ഗുണഫലം 12 കോടിയോളം കുടുംബങ്ങള്‍ക്ക് ലഭിക്കും.