ഡൽഹി: നീറ്റ് വിഷയം പാർലമെന്റിൽ ഉന്നയിക്കാൻ തീരുമാനിച്ച് പ്രതിപക്ഷം. വിഷയം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൽ അവതരിപ്പിക്കും. നീറ്റ് പരീക്ഷാ ക്രമക്കേടിൽ ചർച്ച ആവശ്യപ്പെട്ട് സഭയിൽ നോട്ടീസ് നൽകാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
ഇന്ത്യ സഖ്യത്തിലെ മുഴുവൻ പാർട്ടികളും അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകുമെന്നാണ് വിവരം. നീറ്റ് വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെടാനും നീക്കമുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ചേർന്ന ഇൻഡ്യാ മുന്നണി യോഗത്തിലാണ് ഇതുമായി തീരുമാനമായത്. പാർലമെന്റിൽ സ്വീകരിക്കേണ്ട തുടർനടപടികളും യോഗത്തിൽ ചർച്ചയായി.
കെ.സി വേണുഗോപാൽ, ജയ് റാം രമേശ്, രാഹുൽ ഗാന്ധി, സന്ദീപ് പഠക്, അഭയ് കുശ്വാഹ, ശരത് പവാർ, സുപ്രിയ സുലെ, എൻ.കെ പ്രേമചന്ദ്രൻ, ഇ.ടി മുഹമ്മദ് ബഷീർ, കെ രാധാകൃഷ്ണൻ, പി സന്തോഷ് കുമാർ, ജോസ് കെ മാണി, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.
അതേസമയം തിങ്കളാഴ്ച പാർലമെന്റിൽ വെച്ച് നടക്കുന്ന രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയിൽപങ്കെടുക്കാൻ ഇന്ത്യ സഖ്യ നേതാക്കൾ തീരുമാനിച്ചിട്ടുണ്ട്. ഇനിയും നാല് ദിവസം പാർലമെന്റ് സെഷന് ബാക്കിയുണ്ടെന്ന് അതിനുള്ളിൽ എന്തൊക്കെ സംഭവിക്കുമെന്ന് കാണാമെന്ന് കോൺഗ്രസ് നേതാവ് ജയ് റാം രമേശ് പറഞ്ഞു.
രാജ്യത്ത് പുകയുന്ന എല്ലാ പ്രശ്നങ്ങളും തങ്ങൾ ഉന്നയിക്കുമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം എം.പി. പ്രിയങ്ക ചതുർവേദി പറഞ്ഞു. നീറ്റുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച പാർലമെന്റിൽ നോട്ടീസ് നൽകുമെന്ന് ഇന്ത്യ സഖ്യ യോഗത്തിന് ശേഷം ഡിഎംകെ എം.പി. ടി ശിവ പറഞ്ഞു.