Recipe

പാചകം ചെയ്യാന്‍ സമയം കിട്ടുന്നില്ലേ? വരൂ എളുപ്പത്തില്‍ ഒരു ഹെല്‍ത്തി ചിക്കന്‍ സാലഡ് തയ്യാറാക്കാം

ഹെല്‍ത്തി ഫുഡ് മാത്രമേ കഴിക്കൂ എന്നുളളവര്‍ക്കായി ഒരു പുത്തന്‍ സാലഡ് റെസിപ്പി ആണ് ഇന്ന് പരിചയപ്പെടുത്താന്‍ പോകുന്നത്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന ഒരു സാലഡ് ആണിത്. വലിയ കാര്യമായ പാചകത്തിനൊന്നും സമയമില്ലാത്തവര്‍ക്ക് തീര്‍ച്ചയായും പരീക്ഷിച്ച് നോക്കാന്‍ പറ്റിയ ഒരു റെസിപ്പി ആണിത്.

ആവശ്യമായ ചേരുവകള്‍;

ചിക്കന്‍- 300 ഗ്രാം
ഉപ്പ് ആവശ്യത്തിന്
കുരുമുളക് പൊടി- അര ടീസ്പൂണ്‍
ഒലീവ് ഓയില്‍- 2 ടേബിള്‍ സ്പൂണ്‍
വെളുത്തുളളി- 2 അല്ലി
കാരറ്റ്- 1
ബ്രോക്കോളി- അര കപ്പ്
സോയ സോസ്- 1 ടേബിള്‍ സ്പൂണ്‍
കോണ്‍ഫ്‌ളോര്‍- 1 ടേബിള്‍ സ്പൂണ്‍

ഇനി തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം;

ആദ്യം ചിക്കന്റെ ബ്രസ്റ്റ് പീസ് ചെറുതായി മുറിച്ചെടുക്കുക. അതിലേക്ക് ഉപ്പും കുരുമുളകും പെരട്ടി മിക്‌സ് ചെയ്യുക. ഇത് അഞ്ചു മിനിറ്റ് മൂടിവെക്കുക. ശേഷം ഒരു പാന്‍ എടുത്ത് അടുപ്പില്‍ വച്ച് ചൂടാക്കി അതിലേക്ക് ഒലിവ് ഓയില്‍ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി കഴിയുമ്പോള്‍ അതിലേക്ക് ചതച്ചുവച്ചിരിക്കുന്ന രണ്ട് അല്ലി വെളുത്തുള്ളി ഇടുക. ശേഷം ചിക്കന്‍ അതിലേക്ക് ഇട്ട് മിക്‌സ് ചെയ്യുക. ഇത് അടച്ചുവെച്ച് നന്നായി വേവിക്കുക. ചിക്കനില്‍ നിന്നിറങ്ങുന്ന വെള്ളം എല്ലാം വറ്റുന്നത് വരെ ചിക്കന്‍ വേവിച്ചെടുക്കണം. അങ്ങനെയാകുമ്പോള്‍ ഗ്രില്ലിന്റെ ഒരു കണ്‍സിസ്റ്റന്‍സിയില്‍ ചിക്കന്‍ നമുക്ക് ലഭിക്കും.

ഇനി അതിലേക്ക് വട്ടത്തില്‍ അരിഞ്ഞ് വെച്ചിരിക്കുന്ന കാരറ്റ് ചേര്‍ത്ത് കൊടുക്കുക. അതിലേക്ക് ബ്രോക്കോളി നീളത്തില്‍ അരിഞ്ഞത് ചേര്‍ത്തുകൊടുക്കുക. ബ്രോക്കോളി ഇളക്കുമ്പോള്‍ ഒരുപാട് വേവാന്‍ നില്‍ക്കണ്ട, ചെറുതായി ഒന്ന് സോട്ട് ചെയ്ത് എടുത്താല്‍ മതിയാകും. അടുത്തതായി ഇതിലേക്ക് ഒരു ടീസ്പൂണ്‍ സോയാസോസ് ചേര്‍ത്തു കൊടുത്ത് നന്നായി ഇളക്കുക. ശേഷം കോണ്‍ഫ്‌ളോര്‍ വേണം സാലഡിലേക്ക് ചേര്‍ക്കാന്‍. അതിനായി ഒരു സ്പൂണ്‍ കോണ്‍ഫ്‌ളോറും അല്പം വെള്ളവും ചേര്‍ത്ത് ഇളക്കി ലൂസ് പരുവത്തിലായി സാലഡിലേക്ക് മിക്‌സ് ചെയ്തു കൊടുക്കുക. ശേഷം നന്നായിട്ട് ഇളക്കി യോജിപ്പിക്കുക. ഉപ്പിന്റെ കുറവ് തോന്നുകയാണെങ്കില്‍ അല്പം ഉപ്പും കൂടി അതിലേക്ക് ഇടാം. ഹെല്‍ത്തി സാലഡ് റെഡി.