കോഴിക്കോട്: ലോകസഭ തിരഞ്ഞെടുപ്പ് പരാജയത്തെ മാനിക്കുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജനങ്ങളുടെ മുന്നറിയിപ്പ് മനസ്സിലാക്കുന്നു. തിരുത്തേണ്ടത് തിരുത്തും. തിരഞ്ഞെടുപ്പ് പരാജയം മുന്നറിയിപ്പാണ്. സര്‍ക്കാര്‍ ഇടതുപക്ഷ നയങ്ങളില്‍ നിന്ന് വ്യതിചലിക്കരുത്. ക്ഷേമപെന്‍ഷന്‍ മുടങ്ങരുത്. മാവേലി സ്റ്റോറുകള്‍ കാലിയാക്കരുത്. നേതാക്കന്മാര്‍ വിമര്‍ശനത്തിന് അതീതരല്ല. ചര്‍ച്ചകളില്‍ വിമര്‍ശനം സ്വാഭാവികം. വിമര്‍ശനങ്ങള്‍ മുന്നണി ഐക്യത്തെ ബാധിക്കില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
സര്‍ക്കാറിനെ ജനങ്ങളോട് അടുപ്പിക്കുന്നത് നയങ്ങളാണെന്ന് അച്യുത മേനോന്‍ സര്‍ക്കാറിനെ ചൂണ്ടിക്കാട്ടി ബിനോയ് വിശ്വം പറഞ്ഞു.ജനങ്ങളാണ് എല്ലാവരെക്കാള്‍ വലിയവന്‍. അത് ഞങ്ങള്‍ കാണുന്നുണ്ട്. ജനങ്ങള്‍ ചില കാര്യങ്ങളില്‍ എല്‍ഡിഎഫിന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ജന കല്‍പനയെ ഞങ്ങള്‍ സ്വീകരിക്കും. എല്‍ഡിഎഫ് ഇപ്പോള്‍ പോകുന്നത് പോലെ പോയാല്‍ പോരാ എന്നാണ് ജനങ്ങള്‍ പറയുന്നത്. തിരുത്താനുള്ള കാര്യങ്ങള്‍ തിരുത്തും. ഇടതുപക്ഷ മൂല്യങ്ങള്‍ മറന്നു പോയിട്ടില്ല. എല്‍ഡിഎഫ് കൂട്ടായ ചര്‍ച്ചയില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ജനങ്ങളോട് തുറന്ന് പറയും.
ഇടതുപക്ഷത്തിന്റെ മുഖ്യശത്രു ബിജെപിയാണ്. അവരെ തോല്‍പ്പിക്കാന്‍ കഴിയുന്നവരെല്ലാവരുമായി കൂട്ട് പിടിക്കാം. രാജസ്ഥാനില്‍ കമ്മ്യൂണിസ്റ്റ് എംപി ഉണ്ടായത് കോണ്‍ഗ്രസിന്റെ സഹായം കൊണ്ടാണ്. അത് കാലത്തിന്റെ മാറ്റമാണ്. കോണ്‍ഗ്രസിനെ നേരത്തെ മുന്‍വിധിയോടെ കാണേണ്ടതില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മുഖ്യശത്രു ഫാസിസ്റ്റായ ബിജെപിയാണ്. കേരളത്തിലെ ഫലം എന്തായാലും ഇന്‍ഡ്യ സഖ്യത്തെ ജനങ്ങള്‍ മാനിച്ചിരിക്കുന്നു. ഇന്‍ഡ്യ സഖ്യം ഫാസിസത്തിനെതിരായ പോരാട്ട വീര്യത്തിന്റെ രാഷ്ട്രീയമാണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.