Crime

യുവതിയുടെ ചിത്രങ്ങളും ദൃശ്യങ്ങളും മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

കോട്ടയം: യുവതിയുടെ ചിത്രങ്ങളും ദൃശ്യങ്ങളും മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാട്ടകം പാക്കിൽ പൂവന്തുരുത്ത് റെയിൽവേ ഓവർ ബ്രിഡ്ജ് ഭാഗത്ത് മഠത്തിങ്കൽ വീട്ടിൽ അച്ചു എന്ന സൂരജ് രാജ്. എം (27) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

മൊബൈൽ ഫോണിൽ പകർത്തിയ പെൺകുട്ടിയുടെ ചിത്രങ്ങളും ദൃശ്യങ്ങളും 2022 മുതൽ സമൂഹമാധ്യമത്തിലെ വ്യാജ അക്കൗണ്ട് വഴി മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. ഇത് ശ്രദ്ധ‍യിൽപെട്ട പെൺകുട്ടി പരാതി നൽകി.

യുവതിയുടെ പരാതിയെ തുടര്‍ന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വെസ്റ്റ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. ശ്രീകുമാര്‍ എമ്മിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.