റേസിംഗ് ട്രാക്കില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച് ടാറ്റ മോട്ടോര്‍സിന്റെ പുതിയ സ്‌പോര്‍ട്ടി ഹാച്ച്ബാക്ക് ആള്‍ട്രോസ് റേസര്‍. ഏറ്റവും വേഗതയേറിയ ഇന്ത്യന്‍ ഹാച്ച്ബാക്ക് എന്ന റെക്കോര്‍ഡാണ് ആള്‍ട്രോസ് റേസര്‍ സ്വന്തമാക്കിയിരിക്കുന്നത്. കൂടാതെ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ നിന്ന് ‘വേഗമേറിയ ഇന്ത്യന്‍ ഹാച്ച്ബാക്ക്’ എന്ന ഔദ്യോഗിക പദവിവിയും സ്വന്തമാക്കിയിരിക്കുകയാണ് ടാറ്റ ആള്‍ട്രോസ് റേസര്‍.
ഇന്ത്യയുടെ ആദ്യ ഫോര്‍മുല വണ്‍ റേസറായ നരെയ്ന്‍ കാര്‍ത്തികേയാണ് ടാറ്റയുടെ ഹോട്ട് ഹാച്ച് ഡ്രൈവ് ചെയ്ത് റെക്കോഡ് കരസ്ഥമാക്കിയത്. ഈ മാസമാണ് ടാറ്റ ആള്‍ട്രോസ് റേസര്‍ പുറത്തിറക്കിയത്. 9.49 ലക്ഷം രൂപയായിരുന്നു കാറിന്റെ പ്രാരംഭ എക്സ്ഷോറൂം വില. ഹാച്ച്ബാക്ക് മോഡല്‍ ടാറ്റ മോട്ടോര്‍സിന് നേടിക്കൊടുത്ത അംഗീകാരങ്ങള്‍ ഇത് മാത്രമല്ല.
5-സ്റ്റാര്‍ ക്രാഷ് റേറ്റിംഗുള്ള ഇന്ത്യയിലെ ഏക സ്പോര്‍ട്ടി ഹാച്ച്ബാക്ക്, വെന്റിലേറ്റഡ് സീറ്റുകളും 360-ഡിഗ്രി ക്യാമറയുമുള്ള ആദ്യത്തെ ഇന്ത്യന്‍ ഹാച്ച്ബാക്ക് തുടങ്ങിയ നിരവധി അനൗദ്യോഗിക അംഗീകാരങ്ങള്‍ ആള്‍ട്രോസ് റേസറിന് ഇതിനകം തന്നെ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ലഭിച്ച ‘ഏറ്റവും വേഗതയേറിയ ഇന്ത്യന്‍ ഹാച്ച്ബാക്ക്’ എന്ന റെക്കോഡ് ഈ മോഡലിന് വലിയ അംഗീകാരമാണ് നേടിക്കൊടുത്തിരിക്കുന്നത്.