ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്കെതിരേ കർണാടക സി.ഐ.ഡി കുറ്റപത്രം സമർപ്പിച്ചു. പോക്സോ പ്രത്യേക കോടതിയിലാണ് അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്.
മാസങ്ങൾ മുമ്പ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടും കേസിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് ആരോപിച്ച് പെൺകുട്ടിയുടെ സഹോദരൻ ഈ മാസം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. യെദ്യൂരപ്പയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. എന്നാൽ, കേസിൽ യെദ്യൂരപ്പയെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടയുകയായിരുന്നു.
നേരത്തെ, യെദിയൂരപ്പയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ സി.ഐ.ഡി നോട്ടീസ് നൽകിയിരുന്നെങ്കിലും ഡൽഹിയിൽ കഴിഞ്ഞ അദ്ദേഹം, തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കർണാടക ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഹൈകോടതി ജാമ്യവ്യവസ്ഥയനുസരിച്ച് ജൂൺ 17ന് ബംഗളൂരുവിൽ അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരായ 81കാരനായ യെദിയൂരപ്പയെ സി.ഐ.ഡി സംഘം മുന്നു മണിക്കൂർ ചോദ്യം ചെയ്തിരുന്നു. വാർധക്യം, മുൻ മുഖ്യമന്ത്രിയായ പ്രമുഖ വ്യക്തി എന്നീ പരിഗണനകളോടെ യെദിയൂരപ്പയുടെ അറസ്റ്റ് ഹൈകോടതി വിലക്കിയിരുന്നു.
17 വയസ്സുള്ള പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് യെദ്യൂരപ്പയുടെ പേരിൽ പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. മകളോടൊപ്പം ഒരു കേസിന്റെ കാര്യത്തിൽ സഹായം അഭ്യർഥിച്ച് യെദ്യൂരപ്പയുടെ വീട്ടിലെത്തിയപ്പോൾ മകളുടെ നേർക്ക് ലൈംഗികാതിക്രമം കാണിച്ചതായാണ് പരാതി. 54-കാരിയായ അമ്മ ശ്വാസകോശത്തിലെ അര്‍ബുദബാധയെ തുടര്‍ന്ന് കഴിഞ്ഞ മാസം മരിച്ചിരുന്നു.
പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിൽ മാർച്ച് 14ന് സദാശിവനഗർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ഡി.ജി.പി അലോക് കുമാറിന്റെ നിർദേശ പ്രകാരം സി.ഐ.ഡിക്ക് കൈമാറി. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനുള്ള (പോക്സോ) നിയമ പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 എ വകുപ്പു പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തത്.