ഉച്ചവിശ്രമ നിയമം കമ്പനികളും സ്ഥാപനങ്ങളും നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനായി പരിശോധനയുമായി തൊഴിൽ മന്ത്രാലയം. നിർമാണ, തുറസ്സായ സ്ഥലങ്ങളിൽ ജോലി നിർത്തിവെക്കേണ്ടതിനെ കുറിച്ച് അവബോധം വളർത്തുന്നതിനായായിരുന്നു കഴിഞ്ഞ ദിവസം കാമ്പയിൻ നടത്തിയത്. വടക്കൻ ബാത്തിനയിലെ സുവൈഖിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ലേബർ ആണ് ബിസിനസ് ഉടമകൾക്കായി ബോധവത്കരണ കാമ്പയിൻ സംഘടിപ്പിച്ചതെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
കത്തുന്ന ചൂടിന് തൊഴിലാളികൾക്ക് ആശ്വാസം നൽകാൻ തൊഴിൽ മന്ത്രാലയം എല്ലാ വർഷവും പ്രഖ്യാപിക്കാറുള്ള ഉച്ച വിശ്രമവേള ജൂൺ ഒന്ന് മുതലാണ് പ്രാബല്യത്തിൽ വന്നത്. ഒമാൻ തൊഴിൽ നിയമത്തിലെ ആർട്ടിക്ക്ൾ 16 പ്രകാരമാണ് ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിൽ പുറത്ത് ജോലിയെടുക്കുന്ന തൊളിലാളികൾക്ക് വിശ്രമം നൽകുന്നത്.
ഇതുപ്രകാരം പുറത്തുജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് ഉച്ചക്ക് 12.30മുൽ 3.30വരെയുള്ള സമയങ്ങളിൽ വിശ്രമം നൽകാൻ കമ്പനിയും തൊഴിൽ സ്ഥാപനങ്ങളും ബാധ്യസ്ഥരാണ്. തൊഴിലാളികളുടെ ആരോഗ്യ-തൊഴിൽ സുരക്ഷയും മറ്റും പരിഗണിച്ചാണ് അധികൃതർ മധ്യാഹ്ന അവധി നൽകുന്നത്. ഉച്ചവിശ്രമം നടപ്പാക്കാൻ തൊഴിൽ സ്ഥാപനങ്ങളുടെയും കമ്പനികളുടെ സഹകരണം ബന്ധപ്പെട്ടവർ നടത്തിയിട്ടുണ്ട്. അതേസമയം, ഇത് ലഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി.