വേനലവധി അടുത്തെത്തിയതോടെ കുട്ടികളുടെ സുരക്ഷ മുൻനിർത്തിയുള്ള പ്രത്യേക പരിപാടികളുമായി ഷാർജ ശിശുസംരക്ഷണ വകുപ്പ് (സി.എസ്.ഡി.). ഇതിനായി പ്രത്യേക വാനിൽ സൗജന്യമായി ഐസ്‌ക്രീം നൽകുന്ന പരീക്ഷണം സംഘടിപ്പിച്ചാണ് സുരക്ഷാസന്ദേശം പ്രചരിപ്പിച്ചത്. 97 ശതമാനം കുട്ടികളും അപരിചിതർ നൽകുന്ന ഐസ്‌ക്രീം സ്വീകരിക്കാൻ തയ്യാറായി. ഇത്തരം സംഭവങ്ങൾ കുട്ടികൾക്ക് ആപത്തുണ്ടാക്കുമെന്ന് വകുപ്പ് മുന്നറിയിപ്പ് നൽകി.
ഷാർജ ഷീഷ പാർക്കിലായിരുന്നു സാമൂഹിക പരീക്ഷണം സംഘടിപ്പിച്ചത്. കുട്ടികളുടെ സുരക്ഷയെക്കുറിച്ച് രക്ഷിതാക്കളിലും വേണ്ടത്ര അവബോധമില്ലാത്തത് തട്ടിക്കൊണ്ടുപോകൽ, ശാരീരിക ഉപദ്രവം, ദുരുപയോഗം തുടങ്ങി വലിയ ആപത്താണ് ക്ഷണിച്ചുവരുത്തുകയെന്നും അധികൃതർ പറഞ്ഞു. അപരിചിതരെ എപ്പോഴും വിശ്വസിക്കാൻ കഴിയില്ലെന്ന് രക്ഷിതാക്കൾ കുട്ടികളെ പഠിപ്പിക്കണമെന്ന് ശിശു സംരക്ഷണവകുപ്പ് മേധാവി ഹനാദി അൽ യാഫെയ് പറഞ്ഞു.
അപരിചിതരുമായി സുരക്ഷിതമായി ഇടപെടാൻ കുട്ടികളെ സജ്ജരാക്കണം. അല്ലാത്തപക്ഷം ഒട്ടേറെ അപകടസാധ്യതകൾ നേരിടേണ്ടി വന്നേക്കാം. ഇവയെല്ലാം കുട്ടികളുടെ ശാരീരിക, മാനസിക ആരോഗ്യത്തെ ബാധിക്കും. സ്വയം സുരക്ഷിതരായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളിൽ അവബോധം വളർത്തേണ്ടത് അത്യാവശ്യമാണ്. കുട്ടികളുടെ സുരക്ഷയ്ക്ക് ഏതെങ്കിലും തരത്തിലുള്ള ഭീഷണി നേരിടുമ്പോൾ ചൈൽഡ് ഹെൽപ്പ് ലൈനിൽ (800700) ബന്ധപ്പെടണമെന്നും അധികൃതർ പറഞ്ഞു.