India

ബി.ജെ.പിയുമായി ഇനി സഖ്യമില്ല; രാജ്യസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് ജെ.ജെ.പി

ഛണ്ഡിഗഢ്: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തയ്യാറെന്ന് ജനനായക് ജനതാ പാര്‍ട്ടി (ജെ.ജെ.പി). ബിജെപിയെ പരാജയപ്പെടുത്തണമെന്ന കോണ്‍ഗ്രസ് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍, വിജയമോ പരാജയമോ നോക്കാതെ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ജെജെപി നേതാവ് നേതാവ് ദുഷ്യന്ത് ചൗട്ടാല പറഞ്ഞു.

ഈ വര്‍ഷം മാര്‍ച്ചില്‍ ഹരിയാണ മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ലാല്‍ ഖട്ടാറിനെ മാറ്റി പകരം നയബ് സിങ് സൈനിയെ മുഖ്യമന്ത്രിയാക്കിയതോടെയാണ് സഖ്യത്തില്‍ വിള്ളല്‍ വീണത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പത്ത് മണ്ഡലങ്ങളിലും ജെ.ജെ.പി. സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു. എന്നാല്‍ ഒരിടത്തും ജെ.ജെ.പി. സ്ഥാനാര്‍ഥികള്‍ വിജയിച്ചില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ എം.പിയായ ദീപേന്ദര്‍ സിങ് ഹൂഡ റൊഹ്തക് മണ്ഡലത്തില്‍ നിന്ന് വിജയിച്ചിരുന്നു. ഈ ഒഴിവിലേക്കാണ് ഹരിയാനയില്‍ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രമുഖനായ വ്യക്തിയേയോ ഏതെങ്കിലും കായികതാരത്തേയോ മത്സരിപ്പിക്കണമെന്ന നിബന്ധനയോടെയാണ് ജെ.ജെ.പി. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

രാജ്യസഭാ സീറ്റിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, അത് ‘കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള ഒത്തുകളി’ ആയിരിക്കുമെന്നും ജെജെപി നേതാവ് പറഞ്ഞു.